തുടർച്ചയായി ഏഴാം ദിവസവും കോവിഡ് വ്യാപനനിരക്കിൽ കുറവുണ്ടായതോടെ കൊറോണയെ തുടച്ചുനീക്കാൻ കഴിയുമെന്ന വിശ്വാസം ബ്രിട്ടണിൽ വർദ്ധിച്ചു. രോഗം ഗുരുതരമായി ആശുപത്രികളിൽ ചികിത്സതേടി എത്തുന്നവരുടെ എണ്ണവും മാറ്റമില്ലാതെ തുടരുകയാണ് ഓമിക്രോൺ വ്യാപനത്തിന്റെ ഏറ്റവും ദുരിതപൂർണ്ണമായ കാലം എൻ എച്ച് എസ് പിന്നിട്ടുകഴിഞ്ഞതായി എൻ എച്ച് എസ് അധികൃതർ തന്നെ വെളിപ്പെടുത്തി. ഇന്നലെ 1,29,587 പുതിയ കേസുകളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനത്തിന്റെ കുറവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്.

നിലവിൽ, ദക്ഷിണാഫ്രിക്കയിലേതിന് സമാനമായ വ്യാപനരീതി തന്നെയാണ് ബ്രിട്ടനിലുംഓമിക്രോൺ പിന്തുടരുന്നത്. വളരെ വേഗത്തിൽ മൂർദ്ധന്യഘട്ടത്തിലെത്തിയ തരംഗം ക്രമേണ ദുർബലമാകാൻ തുടങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടിലെ 315 ലോക്കൽ അഥോറിറ്റികളിൽ 95 എണ്ണത്തിലും രോഗവ്യാപനം കുറയുകയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം മരണനിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 20 ശതമാനത്തോളം വർദ്ധിച്ചു. ഇന്നലെ 398 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞവർഷം ജനുവരിയിലെ രണ്ടാം തരംഗകാലത്തെ കോവിഡ് മരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ മരണനിരക്ക് വളരെ കുറവ് തന്നെയാണ്.

അതുപോലെ, രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും ഏതാണ്ട് താഴാൻ തുടങ്ങി. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജനുവരി 8-ന് 2,049 പേരെയാണ് രോഗം മൂർച്ഛിച്ച് ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തൊട്ടുമുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 1 ശതമാനം മാത്രമാണ് ഇക്കാര്യത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം നേരത്തേ ഓമിക്രോൺ ഹോട്ട്സ്പോട്ട് ആയിരുന്ന ലണ്ടൻ നഗരത്തിൽ തുടർച്ചയായ പത്താം ദിവസവും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്.

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ, ആശുപത്രി പ്രവേശനത്തിന്റെ കാര്യത്തിലും കോവിഡ് മൂർദ്ധന്യഘട്ടത്തിൽ എത്തിയിരിക്കുന്നു എന്ന് അനുമാനിക്കാം. നേരത്തേ ഭയന്നിരുന്നതുപോലെ അത്രയധികം രോഗികൾ ആശുപത്രികളിൽ എത്തുന്നില്ല എന്നതും ആശ്വാസകരമായ കാര്യം തന്നെയാണ്. ഇതോടെ ഓമിക്രോൺ ഭൂമുഖത്തെത്തിയത് കോവിഡ് എന്ന മഹാമാരിയെ തുടച്ചുനീക്കാനാണെന്ന വിശ്വാസം വർദ്ധിച്ചു. ഇനി അത് വെറുമൊരു പകർച്ചവ്യാധിയായി മനുഷ്യർക്കിടയിൽ കാണും.

മഹാമാരിയെ കുറിച്ചുള്ള ആശങ്കകൾ മാറാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ സർക്കാരിനു മേൽ സമ്മർദ്ദം ഏറുകയാണ്. കോവിഡിനൊപ്പം ജീവിക്കാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. വൈറസിനെ നിയന്ത്രിക്കാൻ ശ്രമിക്കാതെ കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകൂ എന്ന മുദ്രാവാക്യത്തിന് ഏറെ പ്രീതി കൈവന്നിരിക്കുകയാണിപ്പോൾ.