- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി നഷ്ടമാകാതിരിക്കാൻ നിങ്ങൾക്ക് കോവിഡ് നൽകാം; ഒപ്പം 160 ഡോളർ പ്രതിഫലവും; ഇറ്റലിയിൽ കോവിഡ് രോഗികൾക്കൊപ്പം വിരുന്നിരുന്നാൽ പലതുണ്ട് നേട്ടങ്ങൾ; വാക്സിൻ നിർബന്ധമാക്കിയപ്പോൾ സംഭവിച്ചത്
കോവിഡ് വാക്സിനെതിരെയുള്ള പോരാട്ടം മരണക്കളിയായി മാറുകയാണ് ഇറ്റലിയിൽ. കോവിഡ് രോഗികൾക്ക് ഒപ്പമിരുന്ന് വിരുന്നുണ്ണാൻ 110 ഡോളർ(ഏതാണ്ട് 11,000 രൂപ)വരെയാണ് വാക്സിൻ വിരുദ്ധർ നൽകുന്നത്. അങ്ങനെ അവർക്കൊപ്പം വിരുന്നുണ്ട് കോവിഡ് ബാധിച്ചാൽ പിന്നെ വാക്സിൻ എടുക്കേണ്ടതില്ല എന്നതാണ് അവരെ ഈ മരണക്കളിക്ക് പ്രേരിപ്പിക്കുന്നത്. ഫെബ്രുവരി 1 മുതൽ 50 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇറ്റലിയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കിയതോടെയാണ് ഈ തീക്കളി ആരംഭിച്ചിരിക്കുന്നത്.
വാക്സിൻ എടുക്കാത്തവർക്ക് കനത്ത പിഴ ഒടുക്കേണ്ടതായി വരും എന്നുമാത്രമല്ല, അവരുടെ തൊഴിലും നഷ്ടമാകും. പുതിയ നിയമപ്രകാരം വാക്സിൻ എടുക്കാതിരിക്കുന്നതിനുള്ള ഒരേയൊരു കാരണം കോവിഡ് വന്ന് ഭേദമാകുക എന്നതാണ്. അങ്ങനെ രോഗം വന്ന് ഭേദമായാൽ കോവിഡിനെ ചെറുക്കുന്നതിനുള്ള ആന്റിബോഡികൾ ശരീരത്തിൽ രൂപപ്പെടും എന്നതിനാലാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ രോഗം വന്ന് ഭേദപ്പെട്ടാൽ അത് ആ വ്യക്തിയുടെ നാഷണൽ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തപ്പെടും. അങ്ങനെ വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യാം.
വാക്സിൻ നിർബന്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നയുടനെ കോവിഡ് പാർട്ടികൾ സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് ബാധിച്ചവരുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം വരുത്തുവാനായിട്ടാണ് ഇങ്ങനെ പാർട്ടികൾ നടത്തുന്നത്. ഈയടുത്ത് ടസ്‌കാനി പട്ടണത്തിൽ നടന്ന കോവിഡ് വിരുന്നിൽ വിലകൂടിയ മദ്യവും വിളമ്പിയിരുന്നു. മാത്രമല്ല, അതിൽ പങ്കെടുത്ത കോവിഡ് രോഗികൾക്ക് ആളൊന്നിന് 110 പൗണ്ട് വീതം കൂലിയും ലഭിച്ചതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചിലർ പരസ്യമായി തന്നെ സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് പോസിറ്റീവ് ആയവരെ പാർട്ടിക്കായി തേടുന്നു എന്നാണ് ഇറ്റാലിയൻ പൊലീസ് പറയുന്നത്. അതേസമയം ഇത്തരത്തിലുള്ള കോവിഡ് പാർട്ടികൾ നിയമവിരുദ്ധമാണെന്നാണ് ഇറ്റാലിയൻ ടെലിവിഷനിൽ സംസാരിക്കവെ രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്ദനായ ഡോ. പീയർ ല്യൂഗി ലൊപാല്കോ ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിലുള്ള പാർട്ടികളിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള പാർട്ടികൾ വളരെ അപകടം പിടിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്റ്റ് കോവിഡ് പിടിച്ചുവാങ്ങാൻ കഴിയും. ഒരുപക്ഷെ നിസാരമായ രോഗബാധയാണെങ്കിൽ, അത് ഭേദമായി വാക്സിനിൽ നിന്ന് രക്ഷപ്പെടാം. അതേസമയം രോഗം ഗുരുതരമായി ഇന്റൻസീവിൽ പ്രവേശിപ്പിക്കാനും, മരണമടയാനും വരെയുള്ള സാധ്യതയുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽക്കി. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം സ്ഥിതിചെയ്യുന്നത് വ്യക്തികളുടെ ജനിതകഘടനയിലാണ്. ഇതിൽ ഏത് സംഭവിക്കുമെന്ന് മുൻകൂട്ടി അറിയാൻ ഇപ്പോൾ ഒരു വഴിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായിട്ടല്ല ഇറ്റലിയിൽ കോവിഡ് പാർട്ടിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വടക്കൻ ഇറ്റലിയിൽ നടന്ന ഒരു കോവിഡ് പാർട്ടിയിൽ പങ്കെടുത്ത ഒരു 55 കാരൻ ആസ്ട്രിയയിൽ വെച്ച് കഴിഞ്ഞ നവംബറിൽ മരണമടഞ്ഞിരുന്നു. ഇതേ പാർട്ടിയിൽ പങ്കെടുത്ത മറ്റു ചിലർ ഇറ്റലിയിൽ ഇന്റൻസീവ് കെയറിൽ പ്രവേശിപ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടും. വാക്സിൻ വിരുദ്ധരാണ് കോവിഡ് പാർട്ടിക്ക് പുറകിലെന്നാണ് അധികൃതർ പറയുന്നത്.
വ്യാജ ഹെൽത്ത് പാസ്സുകളും വാക്സിൻ സർട്ടിഫിക്കറ്റുകളും നിരവധിയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. ഒരു ദന്ത ഡോക്ടർ സിലിക്കോൺ നിർമ്മിത കൃത്രിമ കൈ വെച്ചുപിടിപ്പിച്ച് വാക്സിൻ എടുക്കാൻ ശ്രമിച്ച വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് വിവാദമാവുകയും ഡോക്ടർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ, താൻ വാക്സിൻ എടുത്തിരുന്നെന്നും ഇത് സർക്കാർ നിയന്ത്രണങ്ങളിൽ താൻ നടത്തിയ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു എന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്.
അതുപോലെ, വാക്സിൻ കുപ്പികൾ നശിപ്പിച്ചുകളഞ്ഞ്, വാക്സിൻ എടുത്തു എന്ന് വരുത്തിതീർത്ത് നിരവധി പെർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ ഒത്താശ ചെയ്ത ഒരു നഴ്സിനെ കഴിഞ്ഞയാഴ്‌ച്ച ഇറ്റാലിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ നാല്പത്തഞ്ചോളം പേർക്കാണ് ഇയാൽ വ്യാജ സർട്ടിഫിക്കറ്റ് നേടിക്കൊടുത്തത്.
വാക്സിൻ നിർബന്ധമാക്കിയത് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളെ ഇറ്റാലിയൻ ജനത പൊതുവേ സ്വാഗതം ചെയ്യുകയണ്. അടുത്തയിടെ വാതിൽപ്പുറയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിരുന്നു. എന്നാൽ വളരെ ചെറിയൊരു ന്യുനപക്ഷം മാത്രമാണ് ഇതിനെ എതിർക്കുന്നത്. ഭൂരിപക്ഷത്തിന്റെ ജീവന് ഭീഷണി ഉയർത്തുന്ന ഇത്തരക്കാരെ കർശനമായി നേരിടാൻ തന്നെയാണ് ഇറ്റാലിയൻ സർക്കാരിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ