- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്നും സൂപ്പർ കാറിൽ പറന്നുയർന്ന് ഓഫീസിലെത്തി മടങ്ങാം; ട്രാഫിക് ജാമിൽ കുരുങ്ങി കിടക്കേണ്ടി വരില്ല; ദുബായിൽ പരീക്ഷണ പറക്കൽ നടത്തിയ പറക്കും കാറിന്റെ കഥ
നഗരത്തിലെ ഗതാഗത കുരുക്കുകൾ ഒഴിവാക്കി സുഗമമായി സഞ്ചരിക്കാൻ ഉതകുന്ന ഭാവിയിലെ പറക്കും കാർ ദുബായിൽ വിജയകരമായി പരീക്ഷിച്ചു. 3,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയുന്ന ഈ ഹൈപ്പർ കാറിന് മണിക്കൂറിൽ 220 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. ലണ്ടൻ ആസ്ഥാനമായ ബെൽവെതർ എന്ന സ്റ്റാർട്ട്അപ് കമ്പനിയാണ് ഈ സംരംഭത്തിനു പിന്നിൽ പൂർണ്ണമായും വൈദ്യൂതിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന വോളാർ ഇ വിറ്റോൾ എന്ന കാറിന്റെ പ്രോട്ടോടൈപ്പ് നവംബറിൽ തന്നെ നിർമ്മാണം പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇന്നലെയായിരുന്നു ഈ പരീക്ഷണത്തിന്റെ ദൃശ്യം പുറത്തുവിട്ടത്.
പരീക്ഷണത്തിനായി തയ്യാറാക്കിയ ഹാഫ്-സ്‌കെയിൽ പതിപ്പ് 13 അടി (4 മീറ്റർ) ഉയരത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ ഉയരത്തിൽ പറന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വകാര്യ കാറുടമകൾക്ക് കാറിനു പകരമുള്ള യാത്രാ സംവിധാനമായിട്ടാണ് ബെൽവെതർ വോളാർ ഇ വിറ്റോൾ രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് വിപണിയിലെത്തുന്നതോടെ നിരത്തുകളിലെ തിരക്ക് കാര്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഊബർ പോലുള്ള ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ടിനും ഇത് ഉപയോഗിക്കാൻ സാധിക്കും.
2023-ൽ ഇതിന്റെ ഫുൾ-സ്‌കെയിൽ പ്രോട്ടോടൈപ്പ് നിർമ്മാണം പൂർത്തിയാക്കി പരീക്ഷിക്കുവാനാണ് ഇപ്പോൾ കമ്പനി ഒരുങ്ങുന്നത്. അതിനുശേഷം 2028 ആകുമ്പോഴേക്കും ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ടിനായി ഇവ വിപണിയിലെത്തും. 2030 ആകുമ്പോൾ മാത്രമായിരിക്കും സ്വകാര്യ ഉടമകൾക്ക് ഈ ഭാവിയുടെ കാർ ലഭ്യമായി തുടങ്ങുക. അടുത്ത പത്തുവർഷത്തിനുള്ളിൽ സമയത്ത് നിശ്ചിതസ്ഥലത്തെത്താൻ ആകാശമാർഗ്ഗം യാത്രചെയ്യേണ്ടത് അത്യാവശ്യമായി വരുമെന്നാണ് കമ്പനി കരുതുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.
ലോകത്തിലെ തന്നെ വീതിയേറിയ ചിറകുകൾ ഇല്ലാത്ത ആദ്യത്തെ വ്യോമയാനമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് നഗരങ്ങളിലെ ഉപയോഗത്തിന് തികച്ചും അനുയോജ്യമാണെന്നും അവർ പറയുന്നു. ഇൻഡോർ ഇടങ്ങളിൽ ഒരുവർഷത്തെ പരീക്ഷണ പറക്കലുകൾക്ക് ശേഷമാണ് ദുബായിൽ എട്ട് പരീക്ഷണ പറക്കലുകൾ നടത്തിയതെന്നും കമ്പനി വ്യക്തമാക്കി. പ്രോട്ടോടൈപ്പിന്റെ സ്ഥിരതയും നിയന്ത്രണവിധേയത്വവും ഈ പരീക്ഷണപ്പറക്കലിൽ തെളിഞ്ഞെന്നും അവർ അവകാശപ്പെടുന്നു.
ഡക്ടുകളോട് കൂടിയ ഫാനുകൾ അടങ്ങുന്ന ഒരു ഹിഡൻ പ്രൊപ്പൾഷൻ സിസ്റ്റമാണ് ഈ വാഹനത്തിനുള്ളത്. അതുകൊണ്ടു തന്നെ വലിയ ചിറകുകളോ പുറത്തേക്ക് ദൃശ്യമാകുന്ന തരത്തിലുള്ള ബ്ലേഡുകളോ ആവശ്യമില്ല.
കരമാർഗ്ഗം സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതുപോലെത്തന്നെ ഈ വാഹനവും ചാർജ്ജ് ചെയ്യാം. എന്നാൽ, അതിനായി വിപുലമായ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇന്ധനം കഴിഞ്ഞ് വാഹനം ആകാശത്തുനിന്നും താഴെ വീഴാതിരിക്കാൻ ഏറെ ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതായി വരും.
ഇപ്പോൾ പരീക്ഷണപ്പറക്കൽ നടത്തിയ പ്രോട്ടോ ടൈപ്പിൽ രണ്ട് സീറ്റുകൾ മാത്രമാണുള്ളത്. എന്നാൽ വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന മോഡലിൽ നാല് മുതൽ അഞ്ച് സീറ്റുകൾ വരെ ഉണ്ടാകും. ഒരു കുടുംബത്തിന് ഒരുമിച്ച് യാത്രചെയ്യാവുന്ന രീതിയിലായിരിക്കും ഇത് രൂപകല്പന ചെയ്യുക. 3000 അടി ഉയരത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ ദൂരം വരെ ഇതിന് യാത്രചെയ്യാൻ കഴിയും.
ഈ വാഹനം വിപണിയിൽ എത്തുമ്പോൾ ഇത് സ്വന്തമാക്കാൻ എന്ത് വില നൽകേണ്ടി വരും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഒരു കാറിനേക്കാൾ കൂടുതൽ വില നൽകേണ്ടിവരില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, ആദ്യമാദ്യം എത്തുന്നവ തീർച്ചയായും വിലക്കൂടുതൽ ഉള്ളവയായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ