- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ ആക്ട് റദ്ദാക്കിയുള്ള പുതിയ കരട് നിയമശുപാർശകൾ കർഷകർക്ക് പ്രഹരമാകും: അഡ്വ.വി സി.സെബാസ്റ്റ്യൻ
കോട്ടയം: നിലവിലുള്ള റബർ അക്ട് റദ്ദാക്കി കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ റബർനിയമ ശുപാർശകൾ കേരളത്തിലെ റബർ കർഷകർക്ക് വൻ പ്രഹരമാകുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
പ്രമുഖ റബറുല്പാദന രാജ്യങ്ങളുമായുള്ള ആസിയാൻ സ്വതന്ത്രവ്യാപാരക്കരാറിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ് നിലവിലുള്ള നിയമം റദ്ദാക്കലിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. കർഷകരുടെയും കൂടി നന്മയും ക്ഷേമവും ലക്ഷ്യംവെയ്ക്കുന്ന പല വകുപ്പുകളും നിലവിലുള്ള റബർ ആക്ടിലുണ്ട്. പക്ഷെ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരും റബർ ബോർഡും പരാജയപ്പെട്ടു. പുതിയ നിയമ നിർദ്ദേശങ്ങളാകട്ടെ റബറധിഷ്ഠിത ഉല്പന്നങ്ങളുടെ വ്യവസായ വിപണനവും കുറഞ്ഞ ചെലവിൽ അസംസ്‌കൃത റബർ ലഭ്യമാക്കുന്നതിനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അജണ്ടകൾ നടപ്പിലാക്കുവാൻ ഉദ്ദേശിച്ചുള്ളതുമാണ്. ഇറക്കുമതി കൂടുതൽ ഉദാരമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഇറക്കുമതിച്ചുങ്കം പരിപൂർണ്ണമായി എടുത്തുകളയുവാനും കേന്ദ്രസർക്കാരിനാകും. റബറിനെ കാർഷികോല്പന്നമാക്കുമെന്ന് മുൻകാലങ്ങളിൽ രാഷ്ട്രീയ ഭരണനേതൃത്വങ്ങളും റബർ ബോർഡും നടത്തിയ പ്രഖ്യാപനങ്ങൾ തട്ടിപ്പായിരുന്നുവെന്ന് കരട് നിയമത്തിലൂടെ വ്യക്തമാകുന്നു.
റബർ ആക്ട് റദ്ദുചെയ്യപ്പെടുമെന്ന് 2018ൽ ഇൻഫാം പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. നിലവിലുള്ള നിയമത്തിലെ 13-ാം വകുപ്പ് മറ്റൊരുരൂപത്തിൽ കരടിൽ 30-ാം വകുപ്പായി സ്ഥാനം പിടിച്ചിട്ടുണ്ട്. റബർ ബോർഡിന്റെ ശുപാർശയില്ലാതെ കേന്ദ്രസർക്കാരിന് അസംസ്‌കൃത റബറിന്റെ കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കാൻ പുതിയ നിയമത്തിൽ അധികാരം നൽകുമ്പോൾ പ്രതിസന്ധിയിലാകുന്നത് കർഷകരായിരിക്കും. കയറ്റുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരം ഉയർത്തുമെന്ന നിർദ്ദേശം പരിഗണിക്കുമ്പോൾ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത റബറിന്റെയും റബറുല്പന്നങ്ങളുടെയും ഗുണനിലവാരം പരാമർശിക്കുന്നില്ല, കാലക്രമേണ ചണ്ടിപ്പാൽ ഇറക്കുമതിക്കും കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിക്കും. കർഷകർക്ക് ന്യായവില ലഭിക്കുവാനുള്ള ഒരു വകുപ്പും കരടു നിയമത്തിലില്ല. അടിസ്ഥാനവില വ്യവസായികളുടെ സംരക്ഷണത്തിനേ ഉപകരിക്കൂ.
കരടുബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകർക്കും വ്യവസായികൾക്കും സംരക്ഷണകവചമൊരുക്കും. കേരളത്തിൽ നിന്ന് റബർ ബോർഡ് ആസ്ഥാനം പോലും പറിച്ചുമാറ്റപ്പെടുന്ന സാഹചര്യം ഭാവിയിൽ സൃഷ്ടിക്കപ്പെടും. റബർ ബോർഡ് ഡയറക്ടർ ബോർഡും കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാകും. കേന്ദ്ര കൃഷിമന്ത്രാലയത്തിനോ സംസ്ഥാന സർക്കാരിനോ ആഭ്യന്തര റബർ വിപണിയിൽ യാതൊരു പങ്കുമുണ്ടായിരിക്കില്ല. കേരളത്തിലെ റബർ തോട്ടങ്ങളിൽ വിളമാറ്റകൃഷിക്ക് സാഹചര്യമൊരുക്കാനായി കാലഹരണപ്പെട്ട ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുവാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ മാത്രമേ കേരളത്തിലെ റബർ കർഷകർക്ക് ഭാവിയിൽ നിലനിൽപ്പുള്ളൂ. റബർ കൃഷിയിൽനിന്ന് കർഷകരെ ബോധപൂർവ്വം ഒഴിവാക്കി പ്രകൃതിദത്ത ഗുണനിലവാരമില്ലാത്ത ബ്ലോക്കു റബറിന്റെ അനിയന്ത്രിത ഇറക്കുമതിക്ക് അവസരമൊരുക്കുന്ന പുതിയ റബർ നിയമ നിർദ്ദേശങ്ങൾ കേരളത്തിന്റെ റബർമേഖലയ്ക്ക് വരും നാളുകളിൽ കനത്ത വെല്ലുവിളിയുയർത്തുമെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.