തിരുവനന്തപുരം, ജനുവരി 12, 2022: അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആൻഡ് പ്ലാറ്റ്ഫോം എൻജിനിയറിങ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങൾക്കുള്ള ഡി.എസ്.സിഐ എക്സലൻസ് പുരസ്‌ക്കാരം ലഭിച്ചു.

ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ഡി.എസ്.സിഐ) ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന വ്യവസായ അനുബന്ധ പ്രസ്ഥാനമാണ്. നാസ്‌കോമാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. ലോകത്തെ സൈബറിടങ്ങൾ സുരക്ഷിതവും വിശ്വസനീയവുമാക്കാൻ ലക്ഷ്യമിട്ടാണ് ഡി.എസ്.സിഐ പ്രവർത്തനം ആരംഭിച്ചത്. ഇതിനായി മികച്ച മാനദണ്ഡങ്ങളും സംവിധാനങ്ങളും ഡി.എസ്.സിഐ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ അപകട സാധ്യതകൾ മനസിലാക്കാനും അവയെ പ്രതിരോധിക്കുന്നതിനും മികച്ച രീതിയിൽ വ്യവസായം നടത്തുന്നതിന് തന്ത്രപരവും നൂതനവുമായ സുരക്ഷാ സംരംഭങ്ങൾ നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും തിരിച്ചറിയാനും ആദരിക്കാനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഡി.എസ്.സിഐ എക്സലൻസ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ വ്യവസായത്തിന്റെയും വളർച്ചക്ക് ഡാറ്റാ സംരക്ഷണം എങ്ങനെ ഫലപ്രദമായി നടത്താം എന്നതാണ് ഈ അംഗീകാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

യു.എസ്.ടി ബ്ലൂക്കോഞ്ച് ഇൻഫോസെക്ക് വിഭാഗം തലവനായ അനിൽ ലോലെ 2021 ലെ പ്രൈവസി ലീഡറിനുള്ള പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കി. ഡാറ്റാ സ്വകാര്യതയിലേയും വിവര സുരക്ഷയിലേയും വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്‌ക്കാരം ലഭിച്ചത്. കോവിഡാനന്തര കാലഘട്ടത്തിലെ മികച്ച സുരക്ഷാ സംരംഭങ്ങൾക്കുള്ള വിജയികളെ കണ്ടെത്താനുള്ള മൽസരത്തിൽ ആദ്യത്തെ നാല് ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ ഇൻഫോസൈക്കിനും എത്താൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. 2021 ഡിസംബർ 16 ന് അംഗീകാരങ്ങൾ വെർച്ച്വലായിട്ടാണ് വിതരണം ചെയ്തത്.

അന്താരാഷ്ട തലത്തിൽ ഉപഭേക്താക്കൾക്ക് സേവനം നൽകുന്ന ഉൽപ്പന്ന, പ്ലാറ്റ്ഫോം എൻജിനിയറിങ് മേഖലകളിലെ ആഗോള തലവൻ എന്ന നിലയിൽ ഉപഭോക്താക്കളുടെ ഐ.പി സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈ അപൂർവ്വ നേട്ടത്തെ കുറിച്ച് പ്രതികരിക്കവേ യു.എസ്.ടി ബ്ലൂക്കോഞ്ച് പ്രസിഡന്റ് എസ്. രാം പ്രസാദ് പറഞ്ഞു. സുരക്ഷയും സ്വകാര്യതയുമാണ് ഞങ്ങൾ നൽകുന്ന സേവന വാഗ്ദാനങ്ങൾ. സുശക്തമായൊരു ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി മികച്ച ഇൻ-ക്ലാസ് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നത് തുടരുമെന്നും എസ്.രാമപ്രസാദ് കൂട്ടിച്ചേർത്തു.

ഐ.ടി/ ഐ.ടി.ഇ.എസ് മേഖലകളിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നതായി യു.എസ്.ടി ബ്ലൂക്കോഞ്ചിന്റെ ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡാറ്റാ പ്രൈവസി ഓഫീസർ അനിൽ ലോലെ പറഞ്ഞു. പ്രൈവസി ലീഡർ ഓഫ് ദി ഇയർ പുരസ്‌ക്കാരം ലഭിച്ചതിൽ താൻ വിനയാന്വിതനാണെന്നും ഇത്തരം അംഗീകാരങ്ങൾ ഞങ്ങളുടെ കഴിവുകൾ ആഗോള തലത്തിലുള്ള ഉപഭോക്താക്കളുമായും പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിത ഉൽപ്പന്ന എൻജിനിയറിങ് രീതികളുമായി ബന്ധപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകരുടെ ആവേശം ഇത് ഇരട്ടിയാക്കുമെന്നും അനിൽ ലോലെ വിശ്വാസം പ്രകടിപ്പിച്ചു.

യു.എസ്.ടി ബ്ലൂകോഞ്ച്: ഉൽപ്പന്നങ്ങളിലും പ്ലാറ്റ്ഫോം എൻജിനിയറിങ് സേവനങ്ങളിലുമാണ് യു.എസ്.ടി ബ്ലൂക്കോഞ്ച് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കും ഉപഭോക്തൃ സമൂഹങ്ങൾക്കും മികച്ച നിലവാരത്തിലുള്ള ഡിജിറ്റൽ അനുഭവം പ്രദാനം ചെയ്യുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 24 വർഷത്തിലധികമായി ആരോഗ്യരക്ഷ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ഫിൻടെക്, ടെക്നോളജി എന്നീ മേഖലകളിൽ 200 ലധികം ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്. യു.എസ്.ടി ബ്ലൂകോഞ്ചിന്റെ 1200 ലധികം വരുന്ന കരുത്തുറ്റ വൈദഗ്ധ്യവും സാങ്കേതിക വിദ്യയും സ്വായത്തമാക്കിയ ടീം ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും ഉപഭോക്താക്കൾക്കായി നൽകുന്നു.