ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് ഹൂസ്റ്റണിൽ ജനുവരി 11-ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് പതിനാറ് വയസ്സുള്ള വിദ്യാർത്ഥിനി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു.

ഡയമണ്ട് അൽവാറസ് എന്ന കൗമാരക്കാരി രാത്രിയിൽ നടക്കാനിറങ്ങിയതായിരുന്നു. കൂടെ വളർത്തു നായയും ഉണ്ടായിരുന്നതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. ഡയമണ്ട് ഇല്ലാതെ വളർത്തുനായ തനിച്ചെത്തിയപ്പോഴാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. സൗത്ത് പോസ്റ്റ് ഓക് ബെൽറ്റ് വേയ്ക്ക് സമീപത്തുനിന്നും വെടിയൊച്ച കേട്ടതായി ആരോ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തുമ്പോൾ വെടിയേറ്റ് നിലത്തു കിടക്കുന്ന ഡയമണ്ട് മരണവുമായി മല്ലടിക്കുകയായിരുന്നു. സി.പി.ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. നിരവധി വെടിയൊച്ചകൾ കേട്ടതായും, കറുത്ത കളറുള്ള വാഹനം സംഭവ സ്ഥലത്തുനിന്നും പോകുന്നതായും സമീപത്തുള്ള കാമറകളിൽ നിന്നും പൊലീസ് കണ്ടെത്തി. എന്നാൽ പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഹൂസ്റ്റൺ മാഡിസൺ ഹൈസ്‌കൂൾ സോഫൊമോർ വിദ്യാർത്ഥിനിയായിരുന്നു ഡയമണ്ട്. കോസ്മെറ്റോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. വോളിബോൾ, ബാസ്‌കറ്റ് ബോൾ തുടങ്ങിയ സ്പോർട്സ് ഇനങ്ങളിൽ കുട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നതായും കുടുംബാംഗങ്ങൾ അറിയിച്ചു.

ഹൂസ്റ്റൺ ഐഎസ്ഡി ഡയമണ്ടിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം അറിയിച്ചു. സഹപാഠികളെ ആശ്വസിപ്പിക്കുന്നതിന് കൗൺസിലർമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്