കണ്ണൂർ: തനിക്ക് ശരിയെന്ന് തോന്നുന്ന വിഷയത്തിൽ ആരുടെ മുൻപിലും മുട്ടുമടക്കാത്ത പോരാളിയായിരുന്നു പി ടി തോമസെന്ന് എം കെ രാഘവൻ എം പി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച പി ടി തോമസ് എംഎൽഎ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് വിഷയവും ഗൗരവമായി കണ്ട് അവ ആഴത്തിൽ പഠിച്ച് ആരുടെ മുന്നിലും അവതരിപ്പിക്കാൻ ചങ്കൂറ്റ മുള്ള നേതാവായിരുന്നു പി ടി. നിയമസഭക്ക് അകത്ത് ഒരു വിഷയം ഉന്നയിക്കണമെങ്കിൽ ആ വിഷയം ഒരു ഗൃഹപാഠം പോലെ പഠിച്ച് എതിരാളികൾക്ക് മറുപടി പറയാൻ ഒരു അവസരം പോലും നൽകാതെയായിരിക്കും അവതരിപ്പിക്കുക. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് പി ടിയെ ഭയമാണ് കാരണം അദ്ദേഹത്തിന്റെ നിലപാടും വിഷയം പഠിച്ച് സഭയിൽ അവതരിപ്പിക്കുന്ന രീതിയുമായതിനാലാണ് എം കെ രാഘവൻ പറഞ്ഞു.

കെ എസ് യു രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ജനങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞ് നിന്ന രാഷ്ട്രീയ നേതാവാണ് പിടി, സാംസ്‌കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക മേഖലയിലും പിടിയുടെ ആപാരമായ പ്രാഗൽഭ്യം ഒരു നേതാവിനുമില്ല. ഒരു രാഷ്ട്രീയ നേതാവിന് പോലും ലഭിക്കാത്ത അന്തിമോപചാരമായിരുന്നു പി ടിക്ക് കേരള ജനത നൽകിയത്. പ്രഗൽഭനായ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായതെന്നും എം പി പറഞ്ഞു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷതവഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, വി എ നാരായണൻ, മേയർ അഡ്വ. ടി ഒ മോഹനൻ, സജീവ് മാറോളി, പി ടി മാത്യു, എൻ പി ശ്രീധരൻ, പ്രൊഫ. എ ഡി മുസ്തഫ, വി വി പുരുഷോത്തമൻ,ഡിസിസി ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.