പാലക്കാട്: പ്രസവിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഒറ്റയ്ക്കായിപ്പോയ കുഞ്ഞിപ്പുലിക്കു വിദഗ്ധചികിത്സ നൽകാൻ വനപാലകർ തീരുമാനിച്ചു. അമ്മപ്പുലിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനും കുഞ്ഞിന് ചികിത്സ ലഭ്യമാക്കാനും വനപാലകര് തീരുമാനം എടുക്കുക ആയിരുന്നു. ഇതിനായി കുഞ്ഞിപ്പുലിയെ വനം ഡിവിഷൻ പരിധിക്കു പുറത്തേക്കു കൊണ്ടുപോകാൻ മുഖ്യവനപാലകന്റെ അനുമതിക്കു കാത്തിരിക്കുകയാണു വനംവകുപ്പ്.

അമ്മയുടെ സാന്നിധ്യമില്ലാത്തതു കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. പ്രസവിച്ച് ഒരാഴ്ച മാത്രം പ്രായമുള്ളതിനാൽ അമ്മയുടെ ചൂടു ലഭിക്കാത്തതു പൊതുവേയുള്ള ആരോഗ്യത്തെ ബാധിക്കും. ഇന്നലെ തൃശൂരിൽ നിന്നു വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. ചെറിയ തോതിൽ വയറിളക്കമുണ്ടായിരുന്നെങ്കിലും കുറഞ്ഞിട്ടുണ്ട്. ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നു ഞായറാഴ്ച ഉച്ചയോടെയാണു രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

അമ്മപ്പുലിയെ കണ്ടെത്താൻ കുഞ്ഞുങ്ങളെ കൂട്ടിലാക്കി കെണിയൊരുക്കിയെങ്കിലും ഒന്നിനെ മാത്രം പുലി കൊണ്ടുപോകുകയായിരുന്നു. അവശേഷിച്ച കുഞ്ഞിനെ ചൊവ്വാഴ്ച വീണ്ടും കെണിയിൽ വച്ചെങ്കിലും പുലി വന്നില്ല. ഇതിനെ ഉപേക്ഷിച്ചതാകാമെന്നാണു നിഗമനം. ഇനി അമ്മയെ ആകർഷിക്കാൻ കുഞ്ഞിനെ കൂട്ടിൽ വയ്‌ക്കേണ്ടതില്ലെന്നാണു തീരുമാനം. പുലിയും കടുവയും ഉൾപ്പെടുന്ന പട്ടികയിലെ മൃഗങ്ങൾ പിടിയിലായാൽ വനം ഡിവിഷന്റെ പരിധിക്കു പുറത്തു കൊണ്ടുപോകാൻ മുഖ്യവനപാലകന്റെ അനുമതി വേണമെന്നു നിയമമുണ്ട്.