ടെഹ്റാൻ: ഡോണൾഡ് ട്രംപിനെ ഡ്രോൺ അയച്ചു വധിക്കുന്നത് ഭാവനയില് ചിത്രീകരിച്ച് ഇറാൻ. യുഎസിലെ ഫ്‌ളോറിഡയിലുള്ള മാരലഗോയിലെ റിസോർട്ടിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുന്ന ട്രംപിനെവധിക്കുന്നതാണ് വീഡിയോയാക്കി ചിത്രീകരിച്ചത്. ഈ നിമിഷങ്ങൾ ചിത്രീകരിക്കുന്ന അനിമേറ്റഡ് വിഡിയോ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.

ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ പ്രിയങ്കരനായ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പുമായാണ് വിഡിയോ അവസാനിക്കുന്നത്. 2020 ജനുവരി 3നു ബഗ്ദാദിൽ വച്ചാണ് സുലൈമാനി വധിക്കപ്പെട്ടത്. ഇതിന്റെ രണ്ടാം വാർഷികത്തിൽ നടത്തിയ മത്സരവുമായി ബന്ധപ്പെട്ട അനിമേറ്റഡ് വിഡിയോയാണിത്.