- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ് അട്ടിമറി : ലോകനാഥ് ബഹ്‌റക്കെതിരെ നടപടി സ്വീകരിക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ അട്ടിമറി നടത്തിയ മുൻ കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ നടപടി സ്വീകരിക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഐജി ദിനേന്ദ്ര കശ്യപിന്റെയും ബഹ്‌റയുടെയുമെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിൽ കൂടുതൽ വ്യക്തമായ അന്വേഷണം നടക്കേണ്ടതുണ്ട്. ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയിഡ് വൈകിപ്പിച്ചത് സംസ്ഥാന മുൻ പൊലീസ് മേധാവിയുടെ ഇടപെടൽ ആണെന്നാണ് ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാകുന്നത്. ഇത് ഗുരുതരമായ കുറ്റകൃത്യവും അധികാര ദുർവിനിയോഗവുമാണ്. പിണറായി അധികാരത്തിൽ കയറിയത് മുതൽ ബഹ്‌റയുടെ നിയമനത്തിനു പിന്നിലെ നിഗൂഢതകൾ പൊതുസമൂഹത്തിൽ ഏറെ വിവാദമായ ഒന്നായിരുന്നു. കേന്ദ്ര സർക്കാറിനോട് കൂറുപുലർത്തുന്ന ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന ഡിജിപിയായി നിയമിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്പര്യത്തിൽ സംസ്ഥാന ഡിജിപിയായി അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാൻ അവസരം നൽകിയത് ഇടതു - ആർഎസ്എസ് ഒത്തുകളിയുടെ ഭാഗമാണ്.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ഐ ടി ഫെലോ അരുൺ ബാലചന്ദ്രനുമായുള്ള വഴിവിട്ട ഇടപാടുകൾ, തട്ടിപ്പ് കേസ് പ്രതിയായ മോൻസൺ മാവുങ്കലിനുമായുള്ള ബന്ധം തുടങ്ങിയ വിവിധ വിവാദ സംഭവങ്ങളിൽ മുഖ്യ സൂത്രധാരനായി ലോകനാഥ് ബഹ്‌റ വരുന്നത് ഇടതുസർക്കാറിന്റെ അറിവോടു കൂടിയാണ്. മോൻസന്റെ വീടുകൾക്ക് സുരക്ഷ ഒരുക്കാൻ പൊലീസിന് ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയതിൽ നിന്നുതന്നെ തട്ടിപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വ്യക്തമാകുന്നതാണ്. നിലവിൽ ബഹ്‌റെ അവധിയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്ത കാര്യങ്ങളാണ് ഔദ്യോഗിക വിശദീകരണം. ഇത്തരത്തിൽ വലിയ ആരോപണങ്ങൾ നേരിടുന്ന ഒരാളെ കൊച്ചി മെട്രോ എംഡിയായി നിലനിർത്തിയിരിക്കുന്ന തീരുമാനം ഉചിതമല്ല. കേസ് അന്വേഷണം പൂർത്തിയാകുന്നതുവരെ തലസ്ഥാനത്തുനിന്ന് ബഹ്‌റയെ മാറ്റിനിർത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.