ഹരിപ്പാട്: മക്കൾ അഞ്ചുണ്ടായിട്ടും മാസം 13,500 രൂപയുടെ സർക്കാർ പെൻഷൻ ഉണ്ടായിട്ടും ആ വൃദ്ധമാതാവ് ആശുപത്രിയിൽ മരിച്ചത് തികച്ചും അനാഥയായി. മക്കളെ കാണണമെന്ന് അവസാന ശ്വാസം വരെ ശാഠ്യം പിടിച്ചിട്ടും മൂന്ന് ആൺകമക്കളിലും രണ്ട് പെൺമക്കളിലും ആരും തന്നെ എത്തിയില്ല. ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മിഭവനിൽ സരസമ്മ (74) യാണ് ബുധനാഴ്ച രാത്രി മരിച്ചത്.

അമ്മയെ സംരക്ഷിക്കാൻ മക്കൾക്ക് അഞ്ച് പേർക്കും താൽപര്യമുണ്ടായില്ല. ഒടുവിൽ ഊഴമിട്ടു സംരക്ഷിക്കാൻ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ കരാറുണ്ടാക്കി മണിക്കൂറുകൾക്കകം ആ അമ്മ മക്കളെ കാണാതെ നെഞ്ചു പൊട്ടി മരിക്കുക ആയിരുന്നു. അമ്മയെ നോക്കുന്നതിന്റെ പേരിൽ മക്കൾ പരസ്പരം കലഹത്തിലായിരുന്നു. ഒരു മകൾ പൊലീസിൽ പരാതിയും നൽകി. മറ്റുമക്കൾ അമ്മയെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. മക്കളെ വിളിച്ചു സംസാരിക്കാൻ ഹരിപ്പാട് പൊലീസ് ശ്രമിച്ചു. അവർ നിസ്സഹകരിച്ചതോടെ പൊലീസ് അക്കാര്യം ചെങ്ങന്നൂർ ആർ.ഡി.ഒ. യെ അറിയിച്ചു.

ആർ.ഡി.ഒ. എല്ലാ മക്കളെയും വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിവൃത്തിയില്ലാതെ, മക്കളുടെ പേരിൽ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഇവരിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്ത് ആർ.ഡി.ഒ. മുൻപാകെ ഹാജരാക്കി. നീണ്ട ചർച്ചയ്‌ക്കൊടുവിൽ മൂന്നുമാസംവീതം അമ്മയെ നോക്കാമെന്നു മക്കൾ മനസ്സില്ലാ മനസ്സോടെ സമ്മതം അറിയിച്ചു. പക്ഷേ, ആരെയും ബുദ്ധിമുട്ടിക്കാതെ രാത്രി 10 മണിയോടെ സരസമ്മ മരിച്ചു.

ആരോഗ്യവകുപ്പിൽനിന്നു നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച സരസമ്മയ്ക്കു മാസം 13,500 രൂപ പെൻഷനുണ്ട്. എന്നിട്ടും അമ്മയെ നോക്കുന്നതിൽ മക്കൾ പരസ്പരം കലഹിക്കുകയും തമ്മിൽ പഴിചാരുകയും ആയിരുന്നെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. ബിജു പി. നായർ പറഞ്ഞു. ഞായറാഴ്ച മുതൽ ഇവർ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവസാനമായി മക്കളെ കാണണമെന്നു അവർ വാശിപിടിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ മക്കളെ കാണാതെ നെഞ്ചു പൊട്ടി ആ അമ്മ മരണത്തിലേക്ക് യാത്രയായി.

മക്കൾ നോക്കാതായതോടെ സർക്കാരിന്റെ വയോരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ആർ.ഡി.ഒ. സരസമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. സഹായത്തിന് ഒരാളെ ഒപ്പം നിർത്തി. ടെക്നിക്കൽ അസിസ്റ്റന്റ് എം. അബ്ദുൾ വാഹിദ് ആശുപത്രിയിലെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു. ഈ നില തുടരുന്നതിനിടെയാണ് ആർ.ഡി.ഒ. ബുധനാഴ്ച മക്കളെ വാറന്റയച്ചു വരുത്തിയത്. ഒരാൾ വിദേശത്തായതിനാൽ വാറന്റ് കൈപ്പറ്റിയില്ല.

അമ്മയ്ക്കു മതിയായ സംരക്ഷണം നൽകിയിരുന്നെന്നു മൂത്തമകളുടെ ഭർത്താവ് പറഞ്ഞു. മരണശേഷം നടത്തിയ പരിശോധനയിൽ സരസമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാനടപടി സ്വീകരിച്ചശേഷം അഞ്ചുമക്കൾക്കുമായി മൃതദേഹം വിട്ടുകൊടുത്തുകൊണ്ട് ആർ.ഡി.ഒ. ഉത്തരവിട്ടു. അവർ മൃതദേഹം ഏറ്റുവാങ്ങി.