- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ചു; തടയാനെത്തിയ ഇവരുടെ ബന്ധുക്കളുമായി തമ്മിൽ തല്ലി: അവശനിലയിലായ കൊലക്കേസ് പ്രതി മരിച്ചു
കടുത്തുരുത്തി: അയൽവാസിയായ വീട്ടമ്മയെ ആക്രമിക്കുകയും തടയാനെത്തിയ അവരുടെ ബന്ധുക്കളുമായി തമ്മിൽ തല്ല് നടത്തുകയും ചെയ്ത കൊലക്കേസ് പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കൊലപാതകശ്രമക്കേസുകളിൽ പ്രതിയായ കാപ്പുന്തല പാലക്കുന്നേൽ സജി ഭാസ്‌കരൻ (50) ആണ് മരിച്ചത്. സജിയുടെ ആക്രമണത്തിൽ പരിക്കേറ്റ അയൽവാസി കാപ്പുന്തല നീരാളത്തിൽ ബേബിയുടെ ഭാര്യ മോളി (60), ബേബിയുടെ സഹോദരങ്ങളായ സി.സി. ജോൺ (60), സി.ജെ. രാജു (58) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സജിയും ബേബിയുടെ കുടുംബവുമായി വർഷങ്ങളായി പിണക്കത്തിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് സജി, ബേബിയുടെ വീട്ടിലെത്തി. ബേബി വീട്ടിൽ ഇല്ലായിരുന്നു. വാതിൽ തുറന്ന മോളിയെ സജി ആക്രമിക്കുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇതോടെ മോളി ഉച്ചത്തിൽ കരഞ്ഞു.
മോളിയുടെ കരച്ചിൽ കേട്ട് അയൽവാസി റീനയും ജോണും രാജുവും ഓടിയെത്തി. സജിയെ തടയാൻ ശ്രമിച്ച ജോണിനെയും രാജുവിനെയും സജി കുത്തി. എന്നാൽ സജിയെ ഇരുവരും ചേർന്നു കീഴ്‌പ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാർ സജിയെ മുറിയിൽ പൂട്ടിയിട്ടു. പരുക്കേറ്റ മൂവരെയും പൊലീസ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവശനിലയിലായിരുന്ന സജിയെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
സജിയുടെ ഭാര്യയും മൂന്നു കുഞ്ഞുങ്ങളും വർഷങ്ങൾക്കു മുൻപ് വീടിനു സമീപം കുളത്തിൽ ചാടി ജീവനൊടുക്കിയിരുന്നു. ഇതിൽ സജി അയൽവാസികളെ സംശയിച്ച് ആക്രമിക്കുന്നതു പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഇയാൾ വധശ്രമക്കേസിലെ പ്രതിയുമാണ്. നാലു വർഷം മുൻപ് സജി അയൽവാസിയായ അജിത് കുമാറിനെ ആക്രമിച്ചിരുന്നു. നീരാളത്തിൽ ജോണിന്റെയും രാജുവിന്റെയും മറ്റൊരു സഹോദരനായ തോമസിനെ വാനിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ കേസുകളിൽ പ്രതിയായ സജി ജാമ്യത്തിലിറങ്ങിയാണു വീണ്ടും കൊലപാതകശ്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസ്, എസ്‌ഐമാരായ ബിബിൻ ചന്ദ്രൻ, ജയകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സജിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.