കോഴിക്കോട്: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിൽ പതാകയും ദേശീയ ചിഹ്നവും ഉപയോഗിക്കാൻ അനുമതി ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്. പതാക കെട്ടാൻ അനുവദിക്കുന്ന ഉത്തരവുകളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. എറണാകുളം കലക്ടറുടെ വാഹനത്തിൽ നിന്ന് അനധികൃതമായ ഉപയോഗിച്ച കൊടിയും ചിഹ്നങ്ങളും മാറ്റിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനത്തിനു മുന്നിൽ നീല കൊടി കെട്ടാറുണ്ട്. മസൂറിയിലെ സിവിൽ സർവീസ് പരിശീലന അക്കാദമിയുടെ പതാകയിലെ ചിഹ്നമാണ് ഉപയോഗിക്കുന്നത്. മന്ത്രിമാരുടെയും ഗവർണറുടെയും വാഹനത്തിൽ റജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തതിനെതിരെ മുൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ടോമിൻ തച്ചങ്കരി നടപടി സ്വീകരിച്ചപ്പോൾ, സിവിൽ സർവീസുകാരുടെ കൊടി കെട്ടലും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിമാരുടെ വാഹനത്തിനു മുന്നിൽ റജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാൻ തുടങ്ങിയെങ്കിലും കൊടി കെട്ടൽ അവസാനിപ്പിക്കാൻ സിവിൽ സർവീസുകാർ വിസമ്മതിച്ചു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവൊന്നും ഇറക്കിയില്ലെന്ന് വ്യക്തമാക്കുന്നതാണ് മോട്ടർ വാഹന വകുപ്പിൽ നിന്ന് അഡ്വ. എസ്.ആദർശിനു ലഭിച്ച വിവരാവകാശ മറുപടി.