ന്യൂഡൽഹി: നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് അഞ്ച് മിനറ്റ് വായുവിൽ അതിശക്തം. അതിൽ തന്നെ ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ രണ്ട് മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലുള്ളത്.

വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കോവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കും. വരണ്ട കാലാവസ്ഥയിൽ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടമാകും. കോവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാൽ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കും. ഈ ഘട്ടത്തിൽ കോവിഡ് ബാധിച്ചയാളുമായി ദീർഘനേരം ഇടപഴകുന്നവർക്കു മാത്രമേ വൈറസ് ബാധിക്കാൻ സാധ്യതയുള്ളൂ.