വാഷിങ്ടൺ: ജനുവരി 15 ശനിയാഴ്ച മുതൽ അമേരിക്കയിൽ സൗജന്യ ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകൾ വിതരണം ആരംഭിക്കും. യുഎസിൽ കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കുക എന്ന ബൈഡൻ അഡ്‌മിനിസ്ട്രേഷന്റെ ഭാഗമായാണിത് നടപ്പാക്കുക.

ഓൺലൈൻ വഴിയോ, സ്റ്റോറുകളിൽ നിന്നോ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ നേരിട്ട് വാങ്ങാവുന്നതാണ്. ടെസ്റ്റ് കിറ്റ് വാങ്ങുമ്പോൾ പണം നൽകുന്നുണ്ടെങ്കിൽ അതിന്റെ ബില്ല് സൂക്ഷിക്കേണ്ടതും, ഇൻഷ്വറൻസ് കമ്പനികൾ അത് പൂർണമായും തിരിച്ച് നൽകുന്നതുമാണ്.

ഒരു വീട്ടിലെ ഒരാൾക്ക് ഒരു മാസത്തേക്ക് 8 ടെസ്റ്റ് കിറ്റുകൾ ലഭിക്കുമ്പോൾ നാലംഗ കുടുംബത്തിന് മാസം 32 കിറ്റുകൾ ലഭിക്കും. ഒരു കിറ്റിന്റെ വില 12 ഡോളറാണ്. ജനുവരി 15 മുതൽ വാങ്ങുന്നതിനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

വ്യക്തികളുടെ ഇൻഷ്വറൻസ് കമ്പനികളുടെ നെറ്റ് വർക്കിലുള്ള ഫാർമസികളിൽ നിന്നോ സ്റ്റോറുകളിൽ നിന്നോ വാങ്ങാവുന്നതാണ്. covidtests.gov എന്ന വെബ്സൈറ്റിലൂടെ ഓർഡർ ചെയ്യാം. 12 ദിവസത്തിനുള്ളിൽ ടെസ്റ്റ് കിറ്റുകൾ വീട്ടിലെത്തും.

മെഡികെയർ ഉള്ളവർക്ക് ഒരു മെഡിക്കൽ പ്രൊഫഷണൽ വഴി ലാബുകളിൽ കോവിഡ് 19 ടെസ്റ്റുകൾ സൗജന്യമായി ലഭിക്കും. ഓൺലൈനിലൂടെ ഓർഡർ ചെയ്യാൻ കഴിയാത്തവർക്ക് വൈറ്റ് ഹൗസ് ഒരു ഹോട്ട് ലൈൻ ആരംഭിക്കും. ഇതിന്റെ ലോഞ്ചിങ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.