- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ ബസ് ചാർജ് വർദ്ധിപ്പിച്ചേക്കും; കൺസഷൻ അഞ്ച് രൂപയായി ഉയർത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ ബസ് നിരക്ക് വർദ്ധിപ്പിക്കാൻ ആലോചന. 2.5 കിലോമീറ്റർ ദൂരത്തിനുള്ള മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായി ഉയർത്തും. ഇതോടെ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. ഇതിന് ആനുപാതികമായിട്ടായിരിക്കും തുടർന്നുള്ള നിരക്ക് വർദ്ധന.
ബി പി എൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ഉറപ്പാക്കും. എന്നാൽ മറ്റ് വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അഞ്ച് രൂപയായി ഉയർത്തും.ബസുകളിൽ യാത്രാനിരക്ക് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗതാതഗ വകുപ്പിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചുവെന്നാണ് സൂചന.
അടുത്ത മാസം മുതൽ ചാർജ് വർദ്ധന നടപ്പിലാക്കാനാണ് തീരുമാനം. ബസുടമകളുമായി ഗതാഗത മന്ത്രി ഒരിക്കൽ കൂടി ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.
എന്നാൽ മിനിമം ചാർജ് 12 രൂപയായി ഉയർത്തണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കില്ല. പകരം രാത്രി യാത്രയുടെ നിരക്കിൽ മാറ്റം വരുത്തും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിലുള്ള ഓർഡിനറി സർവീസുകളുടെ നിരക്കിൽ 50 ശതമാനം വർദ്ധനവുണ്ടാകും.
നിലവിൽ ഒന്നര കിലോമീറ്ററിന് ഒരു രൂപയും അഞ്ച് കിലോമീറ്ററിന് രണ്ട് രൂപയുമാണ് കൺസഷൻ. വിദ്യാർത്ഥികളുമായി ഇനിയൊരു ചർച്ച ആവശ്യമില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. മകരവിളക്കിന് ശേഷം ബസ് നിരക്ക് വർദ്ധിപ്പിക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പ്രകാരമാണ് സ്വകാര്യ ബസുടമകൾ സമരം നീട്ടിവച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ