കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട് കോടതി. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തി. ആർഎംപി പ്രവർത്തകരായ ഒൻപത് പേരെയാണ് വടകര അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്.

ടിപി ചന്ദ്രശേഖരൻ വധകേസിൽ കെ സി രാമചന്ദ്രനെ 2012 മെയ് പതിനഞ്ചിനാണ് അറസ്റ്റ് ചെയ്തത്. അന്നാണ് കേസിന് ആസ്പദമായ സംഭവം. ആറ് ആർ എം പി പ്രവർത്തകരെ പ്രതി ചേർത്താണ് അന്ന് വടകര പൊലീസ് കേസെടുത്തത്. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പുനരന്വേഷണം നടത്തി മൂന്ന് പേരെ കൂടി പ്രതി ചേർത്തു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കോടതി എല്ലാ പ്രതികളെയും വെറുതെ വിടുകയായിരുന്നു.

അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് രമേശ് മാമ്പറ്റയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ടിപി കേസിൽ എട്ടാംപ്രതിയാണ് കെ സി.രാമചന്ദ്രൻ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാളിപ്പോൾ പരോളിലാണ്.