വയനാട്: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഭാര്യയ്ക്കും മകൾക്കും പൊള്ളലേറ്റു. അമ്പലവയൽ സ്വദേശിനി നിജിതയുടേയും 12 വയസ്സുള്ള മകൾ അളകനന്ദയുടെയും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ചശേഷം ഭർത്താവ് കടന്നുകളഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് നാടിനെ നടുക്കിയ സംഭവം.

ആറാട്ടുപാറയിലെ വിനോദസഞ്ചാരകേന്ദ്രമായ ഫാന്റം റോക്കിന്റെ പ്രവേശന കവാടത്തിനരികിൽ കച്ചവട സ്ഥാപനം നടത്തുകയാണ് നിജിത. ഇവിടെ എത്തിയാണ് ഭർത്താവ് ഇവരെ ആക്രമിച്ചത്. ഇരുവർക്കും 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണു നിഗമനം. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും മകളെയും പൊലീസെത്തി അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഭാര്യയേയും മകളേയും ആക്രമിച്ച ശേഷം ഒളിവിൽ പോയ ഭർത്താവ് സനലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിന് ഇരയായവരുടെയും സനലിന്റെയും സ്വദേശം വയനാട് തന്നെയാണ്. കുറച്ച് കാലം മുൻപ് ഇവർ കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലേക്ക് താമസം മാറ്റിയിരുന്നു. സനലുമായുണ്ടായ വഴക്കിനെത്തുടർന്ന് 2 മാസം മുൻപ് നിജിതയും അമ്മയും 2 മക്കളും ആറാട്ടുപാറ ഫാന്റംറോക്കിന് സമീപമെത്തി വാടക കെട്ടിടത്തിൽ കച്ചവടം തുടങ്ങി.

നിജിതയുമായി പിരിഞ്ഞു കഴിയുകയായിരുന്ന സനൽ സ്‌കൂട്ടറിലെത്തിയാണ് ആക്രമണം നടത്തിയത്. നിജിതയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിനിടെ ആസിഡ് എടുത്ത് ഒഴിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറിൽ അമിത വേഗത്തിൽ മീനങ്ങാടി ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. സ്വകാര്യ ബസിലെ ക്ലീനറായി ജോലി ചെയ്തിരുന്ന സനൽ ഇപ്പോൾ എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനാണ്.