ഴിഞ്ഞദിവസം രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. സൂര്യനഗറിലെ തോട്ടത്തിലാണ് വൈകിട്ടോടെ പുലിയെ കണ്ടത്. നായയെ പിടിക്കാൻ ശ്രമിക്കുന്ന പുലിയെ കണ്ട് ജനങ്ങൾ ഭയചകിതരായി. തുടർന്ന് വനംവകുപ്പും നാട്ടുകാരും ചേർന്ന് പന്തവും പടക്കവുമായി രാത്രിയിൽ വിവിധയിടങ്ങളിൽ തിരഞ്ഞു.

ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ഞായറാഴ്ചയാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പിന്നാലെ ഒന്നരക്കിലോ മീറ്റർ പരിധിയിലാണ് വീണ്ടും പുലിയെ കണ്ടത്. നായ്ക്കളെ പിടികൂടാനായിരുന്നു ശ്രമം. നാട്ടുകാർ ഒച്ചവെച്ചതിനെ തുടർന്ന് പുലി ഓടിപ്പോയി. ചൂട്ട് കത്തിച്ചും ടോർച്ച് തെളിച്ചും നാട്ടുകാരുടെ നേതൃത്വത്തിൽ പുലിക്കായി തെരച്ചിൽ തുടങ്ങി. അപ്പോഴേയ്ക്കും വനപാലകരും എത്തി. സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും തമ്മിൽ തർക്കമായി.

പരിശോധനയിൽ നേരത്തെ പുലി പിടികൂടിയതായിക്കരുതുന്ന നായ്ക്കളുടെ തലയോട്ടിയും കണ്ടെത്തി. പുലി ഉമ്മിനിയിലെ ജനവാസമേഖല വിട്ട് വനത്തിലേക്ക് മാറിയിട്ടില്ലെന്നും പിടികൂടി കാട്ടിലേക്ക് വിടാതെ ജനങ്ങളുടെ ആശങ്ക ഒഴിയില്ലെന്നും നാട്ടുകാർ. പലരുടെയും വളർത്തു നായ്ക്കൾ അടുത്തിടെ അപ്രത്യക്ഷമായതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായത്. പുലിപ്പേടിയിൽ വളർത്തുനായ്ക്കളെ പലരും വീട്ടിനുള്ളിൽ പൂട്ടി സുരക്ഷിതരാക്കി. രാത്രിയിൽ വനപാലകർ സ്ഥലത്ത് ക്യാംപ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.