- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് രൂപതാ ബിഷപ്പ്
കൊച്ചി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ നടന്ന സിറോ മലബാർ സഭാ സിനഡിലായിരുന്നു പ്രഖ്യാപനം.
മാർ ആലഞ്ചേരിയും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടും പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും നിയുക്ത പിതാക്കന്മാരെ പൊന്നാട അണിയിച്ചും ബൊക്കെ നൽകിയും അനുമോദിച്ചു. സ്ഥാനാരോഹണ തീയതികൾ പിന്നീട് തീരുമാനിക്കും.
തലശ്ശേരി അതിരൂപതയിലെ ചരൾ ഇടവകാംഗയിലെ പാംപ്ലാനിയിൽ തോമസ് മേരി ദമ്പതിമാരുടെ മകനാണ് മാർ ജോസഫ് പാംപ്ലാനി. 2017 മുതൽ തലശ്ശേരി അതിരൂപത സഹായമെത്രാനാണ്. 1997 ഡിസംബറിലാണ് പൗരോഹിത്യം സ്വീകരിച്ചത്. തലശ്ശേരി ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടറായിരുന്നു. ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ്പ് പാംപ്ലാനി ആലുവ, വടവാതൂർ, കുന്നോത്ത്, തിരുവനന്തപുരം സെയ്ന്റ് മേരീസ്, ബാംഗ്ലൂർ സെയ്ന്റ് പീറ്റേഴ്‌സ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. തലശ്ശേരി അതിരൂപത അധ്യക്ഷനായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലാണ് നിയമനം.
പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിതനായത്. പാലാ മരങ്ങോലി ഇടവകയിലെ കൊച്ചുപുരയ്ക്കൽ പരേതരായ മാണിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. 1990-ൽ പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷചെയ്ത അദ്ദേഹം, സഭാ കോടതിയുടെ അധ്യക്ഷനായും രൂപത ചാൻസലറായും വികാരി ജനറാളായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. 2020 മുതൽ പാലക്കാട് രൂപതയുടെ സഹായമെത്രാനാണ്. പാലക്കാട് രൂപത അധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലാണ് നിയമനം.