- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അനധികൃത ധനസമ്പാദനത്തിന് കൂട്ടുനിന്നവരേയും പ്രതിചേർക്കണം; മോൻസൺ കേസിൽ പൊലീസുകാരേയും ചോദ്യം ചെയ്യാൻ ഇഡി
കൊച്ചി: മോൻസൺ മാവുങ്കലിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചുമത്തിയ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. മോൻസണുമായി അടുത്ത ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എംഎൽഎ.) അനധികൃത ധനസമ്പാദനത്തിന് കൂട്ടുനിന്നവരേയും പ്രതിചേർക്കണം. ഇതാണ് പൊലീസുകാർക്ക് വിനയാകുന്നത്
നേരത്തെ മുൻ ഡി.ഐ.ജി. സുരേന്ദ്രനെ ചോദ്യം ചെയ്യുകയും സ്വത്ത് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരാതിക്കാരിൽ ചിലർ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രേരണപ്രകാരം മോൻസണ് പണം കൈമാറിയതായി മൊഴി നൽകിയിട്ടുണ്ട്. മോൻസൺ മാവുങ്കൽ കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ ഇ.ഡി. ഹൈക്കോടതിയിൽ സമയം തേടിയിരുന്നു. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുന്നുണ്ട്.
ഇതിന് മുന്നോടിയായി ചില ഉദ്യോഗസ്ഥരെയെങ്കിലും ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കും. അന്വേഷണ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, എല്ലാ രേഖകളും ഇ.ഡി.ക്ക് കൈമാറാനാകില്ലെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്.
മോൻസണെതിരേ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏതെങ്കിലും പൊലീസ് ഓഫീസർക്ക് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതയെ അറിയിച്ചത്. അതേസമയം, കൃത്യവിലോപത്തിന്റെ പേരിൽ ഒരു ഐ.ജി.യെയും സർക്കിൾ ഇൻസ്‌പെക്ടറെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഇത് രണ്ടും യോജിച്ചുപോകില്ലെന്നാണ് ഇ.ഡി.യുടെ വാദം.
മുൻ ഡി.ഐ.ജി. സുരേന്ദ്രന് പിന്നാലെ പരാതിക്കാർ മൊഴികളിൽ പരാമർശിച്ചിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽ ഇതുവരെ പേരുകൾ പുറത്തുവരാത്തവരും പൊലീസുകാരല്ലാത്തവരും ഉണ്ടെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ