- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം ടെസ്റ്റിൽ ആഗ്രഹിച്ചത് അശ്വിനെ പുറത്തിരുത്തി നാല് പേസർമാരുമായി കളിക്കാൻ; ഇശാന്തിന് വേണ്ടി വാദിച്ചെങ്കിലും കേൾക്കാത്ത മാനേജർ; തോൽവിക്ക് പിന്നാലെ നായക സ്ഥാനം ഒഴിയിലിൽ നിറയ്ക്കുന്നത് ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ടിനോടുള്ള അതൃപ്തി; കോലിക്ക് ടീമിലും സ്ഥാനം നഷ്ടമാകുമോ?
മുംബൈ: ആരാകും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ? വിരാട് കോലി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ ചർച്ച സജീവമാകുന്നത്. ഫോമിലില്ലാത്ത എല്ലാവരേയും ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കും. അജിങ്ക രഹാനയും ചേതേശ്വർ പൂജാരയും പുറത്തു പോകാൻ സാധ്യത ഏറെയാണ്. വിരാട് കോലിയും വലിയ ഫോമിലല്ല. നായക സ്ഥാനം ഒഴിഞ്ഞതിനാൽ ഇനിയുള്ള കളികൾ കോലിക്ക് നിർണ്ണായകമാണ്. അടുത്ത ടെസ്റ്റ് പമ്പരയിലും കോലിക്ക് തിളങ്ങാനായില്ലെങ്കിൽ കോലിയും ടീമിൽ നിന്ന് പുറത്താകും. രണ്ടു വർഷമായി ടെസ്റ്റിൽ കോലിയുടെ പേരിൽ ഒരു സെഞ്ച്വറി പോലുമില്ല.
ക്യാപ്ടൻസിയുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് കോലി വിലയിരുത്തുന്നു. രവിശാസ്ത്രിക്ക് പകരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായതോടെ ക്യാപ്ടന് റോൾ കുറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ അശ്വിനെ മാറ്റി ഇശാന്ത് ശർമ്മയ്ക്ക് അവസരം കൊടുക്കണമെന്നതായിരുന്നു കോലിയുടെ ആഗ്രഹം. എന്നാൽ അശ്വിനെ കളിപ്പിച്ചു. ഉമേഷ് യാദവിനാണ് പേസ് ബൗളർമാരിൽ ഇശാന്തിന് മുകളിൽ സ്ഥാനം നൽകിയത്. എല്ലാം ദ്രാവിഡ് തീരുമാനിക്കുന്ന സാഹചര്യത്തിലാണ് കോലി പടിയിറങ്ങുന്നത്. നാലു പേസർമാരുണ്ടായിരുന്നുവെങ്കിൽ അവസാന ടെസ്റ്റിൽ ജയിക്കാമായിരുന്നുവെന്നാണ് കോലിയുടെ നിലപാട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിൽ കോലി കളിക്കും. കെ എൽ രാഹുലാണ് ക്യാപ്ടൻ.
ഏകദിനത്തിലെ മത്സര മികവ് കോലിക്ക് നിർണ്ണായകമാണ്. ഏകദിനത്തിലും കോലി പരാജയപ്പെട്ടാൽ ഇന്ത്യൻ ടീം മാനേജ്‌മെന്റ് കോലിയുടെ കാര്യത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കും. കോലിയുടെ പകരക്കാരനായി രോഹിത് ശർമ്മ ഇന്ത്യൻ ടെസ്റ്റ്, ഏകദിന, 20-20 നായകനാകുമെന്നാണ് സൂചന. എന്നാൽ അപ്രതീക്ഷിതമായി ഋഷഭ് പന്ത് ക്യാപ്ടനാകുമെന്ന് കരുതുന്നവരുമുണ്ട്. ഗാംഗുലിയുടേയും ദ്രാവിഡിന്റേയും മനസ്സാകും ക്യാപ്ടനെ നിശ്ചയിക്കുക. ടീം മാനേജർക്ക് കൂടുതൽ റോൾ നൽകാനാണ് ഗാംഗുലിയുടെ തീരുമാനം. കെ എൽ രാഹുലും ഇന്ത്യൻ ്ക്യാപ്ടനാകാൻ സാധ്യത ഏറെയാണ്.
മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായാണ് കോലി ഇന്ത്യൻ ടീം നായകനാകുന്നത്. കോലിയെ കണ്ടെത്തിയതും ധോണിയായിരുന്നു. എന്നാൽ കോലിക്ക് ശേഷം ആരെന്നതിൽ തീരുമാനം ബിസിസിഐയുടേത് മാത്രമാകും. ഇന്ത്യൻ ടീമിൽ കോലിക്കൊപ്പം നിന്ന ഗ്രൂപ്പിലുള്ളവരെ ആരേയും ക്യാപ്ടൻ സ്ഥാനത്തേക്ക് പരിഗണിക്കില്ല. രോഹിത്തിന് തന്നെയാണ് കൂടുതൽ സാധ്യത.
രവിശാസ്ത്രി ഇന്ത്യൻ ടീമിന്റെ മാനേജറും കോലി ക്യാപ്ടനുമായിരുന്നപ്പോൾ എല്ലാം അവരുടെ ഇഷ്ടത്തിനാണ് നടന്നത്. ബിസിസിഐയെ പോലും അവർ അംഗീകരിച്ചില്ല. ഇതോടെ കോലിയും ഗാംഗുലിയും തമ്മിൽ പ്രശ്‌നമായി. ഇത് മനസ്സിലാക്കിയാണ് ട്വന്റി ട്വന്റി ടൂർണമെന്റു കഴിഞ്ഞാൽ ക്യാപ്ടൻ സ്ഥാനം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചത്. ഇതിൽ ഗാംഗുലി അച്ചടക്ക ലംഘനം കണ്ടു. ടീമിന്റെ തോൽവിക്ക് പോലും കാരണമിതാണെന്ന് വിലയിരുത്തി.
പിന്നാലെ ഏകദിന ക്യാപ്ടൻസിയിൽ നിന്നും മാറ്റി. ട്വന്റി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും കോലി അത് കേട്ടില്ലെന്നും ബിസിസിഐ വിശദീകരിച്ചു. ഇതിനെതിരെ കോലിയും രംഗത്തു വന്നു. പിന്നാലെ ടീം ചീഫ് സെലക്ടർ ചേതൻ ശർമ്മ തന്നെ താനടക്കമുള്ളവർ രാജിവയ്ക്കരുതെന്ന് കോലിയോട് സമ്മർദ്ദം ചെലുത്തിയെന്ന് വിശദീകരിച്ചു. ഇതോടെ കോലി പ്രതിരോധത്തിലായി. ടെസറ്റ് ക്യാപ്ടൻ സ്ഥാനത്ത് നിന്ന് ബിസിസിഐ കോലിയെ മാറ്റുമെന്നും റിപ്പോർട്ട് എത്തി. എന്നാൽ പുറത്താക്കാൻ അവസരം നൽകാതെ കോലി ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ നാഴിക കല്ലിന് തൊട്ടടുത്താണ് കോലി. 99 ടെസ്റ്റു കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 100-ാം ടെസ്റ്റും കളിക്കാൻ കോലിക്ക് ബിസിസിഐ അവസരം കൊടുക്കും. ഇതിൽ മികവു കാട്ടിയില്ലെങ്കിൽ പുതിയ പരീക്ഷണങ്ങൾക്ക് ബിസിസിഐ മുതിരും. അങ്ങനെ വന്നാൽ പൂജാരയും കോലിയും രഹാനയും ടീമിന് പുറത്താകും. രഹാനയെ അടുത്ത പരമ്പരയിൽ തന്നെ മാറ്റുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുള്ളയാളാണ് കോലി. ലോകക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റർമാരിൽ ഒരാളും. ഇക്കാരണങ്ങളാൽ തന്നെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന കോലിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തിന് ഒന്നാകെ ഞെട്ടലായിരിക്കുന്നത്. വെറുമൊരു ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പര തോൽവിയല്ല കോലിയുടെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. 2014 മുതൽ 2022 വരെ 68 ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ നയിച്ചത്. 40 എണ്ണത്തിൽ ടീം ജയിച്ചപ്പോൾ 11 മത്സരങ്ങൾ സമനിലയിലായി. തോറ്റത് 17 എണ്ണത്തിൽ മാത്രം.
രാജിവയ്ക്കുന്നതിനെക്കുറിച്ച് കോലി സാമൂഹ്യ മാധ്യങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ''ടീമിനെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ ഏഴ് വർഷത്തെ കഠിനാധ്വാനവും കഠിനാധ്വാനവും ദൈനംദിന സ്ഥിരോത്സാഹവും വേണ്ടി. ഞാൻ തികച്ചും സത്യസന്ധതയോടെ ജോലി ചെയ്തു, അവിടെ ഒന്നും അവശേഷിപ്പിച്ചില്ല. എല്ലാ കാര്യങ്ങളും നിർത്തണം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ആ ഘട്ടം എനിക്ക് ഇപ്പോഴാണ്,'' കോലി കുറിച്ചു.
''നിരവധി ഉയർച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട് യാത്രയിൽ, പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെ കുറവോ വിശ്വാസക്കുറവോ ഉണ്ടായിട്ടില്ല. എന്റെ 120 ശതമാനം നൽകുന്നതിൽ ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഞാൻ ചെയ്യുന്നതെല്ലാം, എനിക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് ശരിയായ കാര്യമല്ലെന്ന് എനിക്കറിയാം .'' ''എന്റെ ഹൃദയത്തിലും എനിക്കും തികഞ്ഞ വ്യക്തതയുണ്ട്. ടീമിനോട് സത്യസന്ധത കാണിക്കാതിരിക്കാൻ കഴിയില്ല. ഇത്രയും കാലം എന്റെ രാജ്യത്തെ നയിക്കാൻ എനിക്ക് അവസരം നൽകിയതിന് ബിസിസിഐയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതിലും പ്രധാനമായി, ആദ്യ ദിവസം മുതൽ ടീമിനെക്കുറിച്ച് എനിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് ഒരു സാഹചര്യത്തിലും കൈവിടാതെ വാങ്ങിയ എല്ലാ സഹതാരങ്ങൾക്കും നന്ദി. നിങ്ങൾ ഈ യാത്ര അവിസ്മരണീയവും മനോഹരവുമാക്കി,'' കോലി കുറിച്ചു.
''രവി ഭായിയും സപ്പോർട്ട് സ്റ്റാഫും, ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങളെ തുടർച്ചയായി മുകളിലേക്ക് നയിച്ച ഈ വാഹനത്തിന് പിന്നിലെ എഞ്ചിനായിരുന്ന സംഘം, ഈ കാഴ്ചപ്പാടിന് ജീവൻ നൽകുന്നതിൽ നിങ്ങൾ എല്ലാവരും വലിയ പങ്ക് വഹിച്ചു. അവസാനമായി, ക്യാപ്റ്റനെന്ന നിലയിൽ എന്നെ വിശ്വസിച്ച, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള ഒരു വ്യക്തിയായി എന്നെ കണ്ടെത്തിയ എംഎസ് ധോണിക്ക് വലിയ നന്ദി,'' കോലി കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ