ഇടുക്കി: ധീരജ് വധക്കേസിൽ കെ. സുധാകരനെതിരേ ആരോപണവുമായി സിപിഎം നേതാവ് എം.എം. മണി. പ്രതികളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന സുധാകരൻ കൊലപാതകത്തിന് കരുതിക്കൂട്ടി ആളെ വിട്ടതാണെന്ന് സമ്മതിച്ചിരിക്കുകയാണ്. കേസിൽ പ്രതിയാകാൻ സുധാകരനും യോഗ്യനാണെന്നും എംഎം മണി പ്രതികരിച്ചു.

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേതുകൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടാണ്. ഇടുക്കി എഞ്ചിനിയിറിങ് കോളേജിലെ വിദ്യാർത്ഥി എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുകയാണ്. എന്നിരുന്നാലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത്.

വരും കാലങ്ങളിൽ സുധാകരന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന അക്രമത്തിന്റെ തുടക്കമാണ് ധീരജിന്റെ കൊലപാതകം. പ്രതികളെ സംരക്ഷിക്കാനുള്ള സുധാകരന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎം മണി പറഞ്ഞു.

ഗുണ്ടാ നേതാവിനെപ്പോലെയാണ് സുധാകരന്റെ പ്രതികരണമെന്നും രാഷ്ട്രീയ നേതൃത്വത്തിന് യോജിച്ചതല്ല ഇത്തരം പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. നിഖിൽ പൈലി ക്രിമിനലാണ്.പ്രതികളെ സംരക്ഷിക്കുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന് ചേർന്ന പരിപാടിയല്ല. സുധാകരനും സതീശനുമൊപ്പം പ്രതി നിഖിൽ ഫോട്ടോ എടുത്തത് ഗൂഢാലോചനയുടെ തെളിവാണ്. ധീരജിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെ സുധാകരൻ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ കള്ളക്കളി ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും. അതുകൊണ്ട് സുധാകരനേയും ധീരജ് വധക്കേസിൽ പ്രതി ചേർക്കണം. ഗൂഢാലോചനയിൽ പങ്കാളിയാണെന്ന രീതിയിലാണ് സുധാകരന്റെ പ്രതികരണമെന്നും എംഎം മണി കുറ്റപ്പെടുത്തി. കേസിൽ നിഖിൽ പൈലിയും ഒപ്പം പിടിയിലായവരും കുറ്റക്കാരാണെന്ന് തെളിയുന്നത് വരെ അവരെ പാർട്ടി സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരൻ പറഞ്ഞിരുന്നു.

അതിനിടെ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.