കൊച്ചി: എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും ടിപിആർ 30നു മുകളിൽ തന്നെയാണ്. ഇതോടെയാണ് ആരോഗ്യ വകുപ്പ് അതീവ ജാഗ്രത മുന്നറിയിപ്പ് നൽകിയത്.

3204 പേർക്കാണ് എറണാകുളം ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഇവിടങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും വർധിപ്പിക്കും.

ജില്ലയിൽ സാമൂഹിക, സാംസ്‌കാരിക, പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി. കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ യോഗങ്ങൾ ഓൺലൈനായി നടത്തണം.

മാളുകളിൽ പ്രവേശനം 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്.

ജില്ലയിൽ സർക്കാർ ലാബുകൾ വഴിയുള്ള കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി. വിദേശങ്ങളിൽ നിന്നെത്തുന്നവരും കോവിഡ് ബാധിതരുമായി സമ്പർക്കമുള്ളവരും ക്വാറന്റീനിൽ അലംഭാവം കാണിക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിൽ 3917 പേർ പോസിറ്റീവായി. സംസ്ഥാനത്താകെ ഞായറാഴ്ച 18,123 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 30.55% ആണ്. സംസ്ഥാനത്താകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. നിലവിൽ 1,03,864 രോഗികളാണ് ചികിത്സയിലുള്ളത്.