ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സമാജ്‌വാദി പാർട്ടി ആസ്ഥാനത്ത് നേതാവിന്റെ ആത്മഹത്യാ ശ്രമം. അലിഗഡിലെ സമാജ്‌വാദി പാർട്ടിയുടെ മുഖമായ ആദിത്യ ഠാക്കൂറാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ലക്‌നൗ വിക്രമാദിത്യ മാർഗിലെ പാർട്ടി ഓഫിസിനു മുൻപിൽ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്താനായിരുന്നു നേതാവിന്റെ ശ്രമം. ജനുവരി 13ന് സമാജ്‌വാദി പാർട്ടി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെയാണ് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെ നടന്ന ആത്മഹത്യാ ശ്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പാർട്ടിപ്രവർത്തകരും പൊലീസും ഇടപെട്ടാണ് ആദിത്യ ഠാക്കൂറിനെ പിന്തിരിപ്പിച്ചത്.

തന്നെ തടയരുതെന്ന് പൊലീസിനോട് പൊട്ടിക്കരഞ്ഞു കൊണ്ട് ആദിത്യ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എനിക്കു വേണ്ടത് നീതിയാണ്. നിങ്ങൾ എന്നെ ജയിലിൽ അടച്ചാലും എന്റെ തീരുമാനത്തിനു മാറ്റമില്ലെന്നും ജീവനൊടുക്കുമെന്നും ആദിത്യ ഠാക്കൂർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തന്റെ സ്ഥാനാർത്ഥിത്വം തട്ടിയെടുത്ത് പുറത്തുനിന്നുള്ളവർക്ക് നൽകിയെന്നും വിഡിയോയിൽ ആദിത്യ ഠാക്കൂർ ആരോപിക്കുന്നു. ഛരാ മണ്ഡലത്തിൽ നിന്ന് ആദിത്യ ഠാക്കൂർ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ലിസ്റ്റിൽ ഇടംപിടിച്ചില്ല. സമാജ്വാദി പാർട്ടിരാഷ്ട്രീയ ലോക്ദൾ സഖ്യം 29 പേരുൾപ്പെട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്. 19 സീറ്റുകളിൽ രാഷ്ട്രീയ ലോക്ദളും 10 സീറ്റുകളിൽ സമാജ്വാദി പാർട്ടിയും മത്സരിക്കും.