റിയാദ്: അഞ്ച് മുതൽ 11 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും വിപുലമായ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് നൽകുന്ന ഡോസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികൾക്ക് ചെറിയ അളവിൽ മാത്രമാണ് വാക്‌സിൻ നൽകുക.

കോവിഡ് ബാധിക്കുവാൻ ഉയർന്ന സാധ്യതയുള്ളവരിൽ അഞ്ച് മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ ആദ്യഘട്ടം നൽകുവാനുള്ള എല്ലാ സജജീകരണങ്ങളും പൂർത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി ഉയർത്തുന്നതിനും കുട്ടികളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രൈമറി, നഴ്‌സറി ഘട്ടങ്ങളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാക്‌സിൻ വിതരണം ആരംഭിച്ചിട്ടുള്ളത്.

രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളിലും നഴ്‌സറികളിലും ലഭ്യമായ സൗകര്യങ്ങളും സ്ഥലങ്ങളും പ്രയോജനപ്പെടുത്തി, കൊറോണ വൈറസിനെതിരെ ആരോഗ്യ മുൻകരുതലുകളും നിയന്ത്രണങ്ങളും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന മാതൃകകൾ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലി അറിയിച്ചു.