ന്യൂഡൽഹി: ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ യുപി പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തതത്. നോയിഡയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഛത്തീസ് ഗഢ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് യുപി പൊലീസ് പറഞ്ഞു.

ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലായിരുന്നു നോയിഡയിലിന്റെ കോൺഗ്രസിന്റെ വീട് കയറിയുള്ള പ്രചാരണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ പരാതിയെ തുടർന്നാണ് നടപടി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അഞ്ചുപേരിലധികം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിൽ പോകുന്നത് നിരോധിച്ചിരുന്നു.

നോയിഡ സെക്ടർ 113 പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡസനിലധികം ആളുകളോടൊപ്പമാണ് ബാഗൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിലെത്തിയത്. യുപിയടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികളും യോഗങ്ങളും നിരോധിച്ചിരുന്നു.