ദോഹ: ഖത്തർ എയർവേയ്സ് വിമാനത്തിൽ യുവതിക്ക് ആകാശത്ത് സുഖപ്രസവം. സൗദിയിൽ ജോലി ചെയ്യുന്ന ഉുഗാണ്ട സ്വദേശിയാണ് ആകാശത്ത് വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി നാട്ടിലേക്ക് പോകുമ്പോഴാണ് വിമാനത്തിൽ തന്നെ പ്രസവം നടക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മിറക്കിൾ ഇൻ എയർ എന്നാണ് പ്രസവത്തിനു മേൽനോട്ടം വഹിച്ച ഡോക്ടർ വിശേഷിപ്പിച്ചത്.

ടൊറന്റോ യൂണിവേഴ്സിറ്റി പ്രഫസർ ഡോ. ഐഷ ഖത്തീബ് ആണ് പ്രസവത്തിന് മേൽനോട്ടം വഹിച്ചത്. വിമാനത്തിൽ ഒരു ഡോക്ടർ ഉണ്ടോ എന്ന അറിയിപ്പു കേട്ടപ്പോൾ പ്രസവം നടക്കുമെന്ന് കരുതിയില്ലെന്ന് ഡോക്ടർ പറയുന്നു. അമ്മയുടെയും കുഞ്ഞിന്റെയും വിമാന ജീവനക്കാരുടെയും ഫോട്ടോ ട്വീറ്റ് ചെയ്താണ് ഡോക്ടർ സന്തോഷം പങ്കിട്ടത്. ഡോക്ടറുടെ പേരു ചേർത്ത് കുഞ്ഞിന് മിറക്കിൾ ആയിഷ എന്നു പേരിടുകയും ചെയ്തു.

ഗർഭകാലം 35-ാമത്തെ ആഴ്ചയിൽ പ്രസവത്തിനായി നാട്ടിലേക്കു പോകവെയായിരുന്നു യുവതിയുടെ കന്നി പ്രസവം വിമാനത്തിലായത്. ഓങ്കോളജി നഴ്സും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിലെ (എംഎസ്എഫ്) ശിശുരോഗ വിദഗ്ധനും ഡോ. ഐഷ ഖത്തീബിനെ സഹായിച്ചു. ഡിസംബർ അഞ്ചിനായിരുന്നു പ്രസവമെങ്കിലും ഡോക്ടർ ഫോട്ടോ ട്വീറ്റ് ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.