ഗുരുഗ്രാം: ഹരിയാനയിൽ ഐപിഎസ് ഓഫിസർ ചമഞ്ഞ് ബിഎസ്എഫ് ഉദ്യോഗസ്ഥൻ നടത്തിയത് വൻ തട്ടിപ്പ്. 125 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ഗുരുഗ്രാം ജില്ലയിലെ മനേസറിലെ നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) ആസ്ഥാനത്ത് ജോലിചെയ്യുന്ന ബിഎസ്എഫ് ഡപ്യൂട്ടി കമാൻഡന്റ് പ്രവീൺ യാദവാണ് തട്ടിപ്പു കേസിൽ അറസ്റ്റിലായത്.

ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞാണ് പ്രവീൺ തട്ടിപ്പ് നടത്തിയത് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 14 കോടി രൂപ, ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, ഏഴ് ആഡംബരക്കാറുകൾ തുടങ്ങിയവ പരിശോധനയിൽ കണ്ടെടുത്തു. ഇയാളുടെ ഭാര്യ മമത യാദവ്, സഹോദരി ഋതു യാദവ്, ഒരു സഹായി എന്നിവരും പൊലീസ് പിടിയിലായിരുന്നു.

ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എൻഎസ്ജി ക്യാംപസിൽ നിർമ്മാണ കരാർ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി കോടിക്കണക്കിന് രൂപ പ്രവീൺ തട്ടിയെടുക്കുക ആയിരുന്നു. തട്ടിയെടുത്ത മുഴുവൻ പണവും എൻഎസ്ജിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മാറ്റി. ബാങ്കിൽ മാനേജരായ സഹോദരി ഋതു യാദവാണ് അക്കൗണ്ട് തുറന്നതെന്ന് പൊലീസ് പറഞ്ഞു.

ഓഹരി വിപണിയിൽ നിക്ഷേപിച്ചതിനെ തുടർന്ന് പ്രവീണിന് 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഇതു തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ് തട്ടിപ്പുനടത്തിയതെന്നും അന്വേഷണ ഉദ്യോസ്ഥർ അറിയിച്ചു.