- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8.14 ലക്ഷം കുട്ടികൾക്ക് വാക്സിനേഷൻ; രക്ഷിതാക്കളുടെ സമ്മതമുള്ളവർക്ക് മാത്രം കുത്തിവെയ്പ്പ്; 967 സ്‌കൂളുകളിൽ കേന്ദ്രങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 8.14 ലക്ഷം കുട്ടികൾ കോവിഡ് വാക്‌സിനേഷന് അർഹരെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ചൊവ്വാഴ്ച സ്‌കൂളുകളിൽ പിടിഎ യോഗം ചേരും. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുക. 500ലധികം കുട്ടികളുള്ള 967 സ്‌കൂളുകൾ വാക്‌സിനേഷൻ സെന്ററാക്കും. വാക്‌സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.
വാക്സിനേഷൻ മറ്റന്നാൾ ആരംഭിക്കും. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിനു ശേഷം മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
8.14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വാക്സിനേഷന് അർഹത. ഇതിൽ 51 ശതമാനം പേർക്ക് ഇതുവരെ വാക്സിൻ നൽകിയതായി മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ വാക്സിനേഷനുള്ള അടിസ്ഥാന സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഒരു മുറി രജിസ്ട്രേഷനും, മറ്റൊരു മുറി വാക്സിനേഷൻ റൂമായും മാറ്റും. ആരോഗ്യപ്രവർത്തകർക്ക് ഒരു റൂം, വാക്സിൻ എടുത്ത കുട്ടികൾക്ക് വിശ്രമിക്കാൻ റൂം, ആംബുലൻസ് സർവീസ് വേണമെങ്കിൽ അതിനുള്ള സൗകര്യം എന്നിവയും ഉറപ്പാക്കും.
രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്സിൻ നൽകുക. ഭിന്നശേഷിയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടെങ്കിൽ, അതുസംബന്ധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 18 ന് വാക്സിനേഷൻ നിശ്ചയിച്ചിട്ടുള്ള എല്ലാ സ്‌കൂളുകളിലേയും പിടിഎ യോഗം ചേരും. ഓരോ ദിവസവും വാക്സിനേറ്റ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വിദ്യാഭ്യാസവകുപ്പ് ശേഖരിക്കും.
ജനുവരി 22,23 തീയതികളിൽ 10,11,12 ക്ലാസുകൾ നടക്കുന്ന വിദ്യാലയങ്ങളിൽ നാട്ടുകാരുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ശുചീകരണം നടത്തും. ഈ മാസം 21 ന് സ്‌കൂളുകൾ അടയ്ക്കുന്ന മുറയക്ക്, ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസം ഏർപ്പെടുത്തും.
ഇതിനുള്ള പുതിയ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് മുമ്പു തന്നെ പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ ശ്രദ്ധിക്കും. അദ്ധ്യാപകർ സ്‌കൂളുകളിൽ വന്ന് വിക്ടേഴ്സ് ചാനലുമായി സഹകരിച്ച് ഓൺലൈൻ പഠനത്തിന് സഹായികളായി മാറണമെന്നും മന്ത്രി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ