- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം; ടിപിആർ കുത്തനെ കൂടി; കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലിയിൽ പൊതുയോഗങ്ങൾ വിലക്കും, ബസ്സിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
അതേസമയം, ഓമിക്രോൺ ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമെന്ന് വിദഗ്ദ്ധർ ഓർമ്മപ്പെടുത്തി. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 38 പേർക്ക് ഓമിക്രോൺ സാധ്യത സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടർമാർ പറഞ്ഞു.
കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടർമാർ നടത്തിയ പഠനത്തിൽ 51 സാമ്പിളുകളിൽ 38 എണ്ണത്തിലാണ് ഓമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. സമൂഹ വ്യാപന ആശങ്ക ശക്തമാക്കുന്നതാണ് ഇത്. ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതിനാൽ, കേസുകൾ നേരിടാനുള്ള കർമ്മ പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് സർക്കാർ കടക്കും.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക കനക്കുകയാണ്. ഇന്നലെ 30.55 ശതമാനമായിരുന്നു ടിപിആർ. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആർ 30ന് മുകളിലാണ്.
മറുനാടന് മലയാളി ബ്യൂറോ