ദമ്മാം: സ്‌പോൺസറുടെ ചതി മൂലം നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കിലായ തമിഴ് വനിത, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് പൊടത്തൂർപെട്ട സ്വദേശിനിയായ വെങ്കടേശൻ കാമാച്ചി ആണ് നവയുഗത്തിന്റെ സഹായത്തോടെ ദുരിതപർവ്വം താണ്ടി നാടണഞ്ഞത്. നാലു വര്ഷം മുൻപാണ് കാമാച്ചി ദമ്മാമിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കായി നാട്ടിൽനിന്ന് എത്തിയത്. രണ്ടു വർഷം ഒരു കുഴപ്പവുമില്ലാതെ ആ വീട്ടിൽ അവർ ജോലി ചെയ്തു.

രണ്ടു വര്ഷം കഴിഞ്ഞപ്പോൾ, ഒരു ദിവസം, സ്‌പോൺസർ കാമാച്ചിയെ ജുബൈലിലെയ്ക്ക് കൂട്ടിക്കൊണ്ടു പോയി, വേറൊരു സ്വദേശിയുടെ വീട്ടിൽ ജോലിക്ക് ഏൽപ്പിച്ചു. തന്റെ ബാധ്യത ഒഴിവാക്കാനായി, സ്‌പോൺസർ രഹസ്യമായി കാമാച്ചിയെ, ഒളിച്ചോടിയ തൊഴിലാളി (ഹുറൂബ്) എന്ന് റിപ്പോർട്ട് ആക്കിയിരുന്നു. ഈ വിവരം കാമാച്ചി അറിഞ്ഞതുമില്ല. അവർ പുതിയ വീട്ടിൽ രണ്ടു വർഷത്തോളം ജോലി ചെയ്തു.

ആ വീട്ടിലെ ജോലി ദുരിതപൂർണ്ണമായിരുന്നു. പകലന്തിയോളം ജോലി ചെയ്യണമായിരുന്നു. ശമ്പളം വല്ലപ്പോഴും മാത്രമാണ് കിട്ടിയിരുന്നത്. പിന്നീട് അതും തീരെ കിട്ടാതെയായി. അതോടെ കാമാച്ചി ആകെ ദുരിതത്തിലായി.

ജീവിതം അസഹനീയമായപ്പോൾ, കാമാച്ചി ജുബൈലിലെ തമിഴ് സാമൂഹ്യപ്രവർത്തകനായ യാസീനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. യാസീൻ, നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. കാമാച്ചിയെ ദമ്മാമിൽ എത്തിച്ചാൽ വേണ്ട സഹായം ചെയ്തു തരാമെന്നു മഞ്ജു അറിയിച്ചു. അതനുസരിച്ചു, യാസീൻ കാമാച്ചിയെ ദമ്മാമിൽ മഞ്ജുവിന്റെ വീട്ടിൽ എത്തിച്ചു.

മഞ്ജു എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, കാമാച്ചിക്ക് എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ് എടുത്തു നൽകുകയും ചെയ്തു. അതോടൊപ്പം മഞ്ജു ദമ്മാം വനിതാ അഭയകേന്ദ്രം വഴി കാമാച്ചിക്ക് ഫൈനൽ എക്‌സിറ്റും അടിച്ചു വാങ്ങി നൽകി.

മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ചു, ദമ്മാമിലെ സാമൂഹ്യപ്രവർത്തകരായ വെങ്കിടേഷിന്റെയും, ആരിഫിന്റെയും നേതൃത്വത്തിൽ, ദമ്മാം ഡി എം കെ പ്രവർത്തകർ, കാമാച്ചിക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു കാമാച്ചി നാട്ടിലേയ്ക്ക് മടങ്ങി