ഒക്കലഹോമ: ഒക്കലഹോമയിൽ കോവിഡ് 19 വ്യാപനം വർധിക്കുന്നതോടൊപ്പം ഓമിക്രോൺ വേരിയന്റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15-നു ശനിയാഴ്ച 14,000 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.

ഒക്കലഹോമ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഇതുവരെ വാരാന്ത്യ കോവിഡ് കേസുകളുടെ എണ്ണം പുറുത്തുവിടാറില്ല. എന്നാൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് കണക്കുകൾ പരസ്യമാക്കാൻ തീരുമാനിച്ചത്.

2020 -ൽ പാൻഡമിക് ആരംഭിച്ചതുമുതൽ ഇതുവരെ ഒക്കലഹോമയിൽ 811389 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2020 മാർച്ച് മുതൽ കോവിഡ് രോഗം മൂലം മരിച്ചവരുടെ എണ്ണം 12775 ആയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ കോവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി എണ്ണം 1466 ആണ്. ഇതിൽ 47 കുട്ടികളും ഉൾപ്പെടുന്നു. 2.65 മില്യൻ ഒക്കലഹോമക്കാർക്കാണ് ഇതിനകം കോവിഡ് 19 വാക്സിൻ ലഭിച്ചു. 2.13 മില്യൻ പേർക്ക് പൂർണ്ണ വാക്സിനേഷനും ലഭിച്ചിട്ടുണ്ട്.

സ്വയം സുരക്ഷിതത്വവും, മറ്റുള്ളവരുടെ സുരക്ഷിതത്വവും പാലിക്കപ്പെടണമെങ്കിൽ കോവിഡ് പ്രതിരോധ നടപടികൾ സ്വയം സ്വീകരിക്കാൻ തയാറാകണമെന്നാണ് അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശം.