വിർജീനിയ: വിർജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവർണറായി വിർജീനിയ റിച്ച്മോണ്ടിൽ ജനുവരി 15-നു ശനിയാഴ്ച ഗ്ലെൻ യംഗ്കിൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.2009-നു ശേഷം ആദ്യമായി റിപ്പബ്ലിക്കൻ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗ്ലെൻ.

ഗവർണർക്കൊപ്പം ലഫ്റ്റനന്റ് ഗവർണറായി വിൻഡം സിയേഴ്സും, അറ്റോർണി ജനറലായി ജെയ്സൺ മിയാർസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2021 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന ടെറി മെക്ളാഫിയെ പരാജയപ്പെടുത്തിയാണ് ഗ്ലെൻ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. ടെറിക്ക് 1.600116 (48.6%) വോട്ടുകൾ ലഭിച്ചപ്പോൾ ഗ്ലെൻ 1663596 (50.6%) വോട്ടുകൾ കരസ്ഥമാക്കി.

തുടർച്ചയായി രണ്ടു തവണ ഗവർണറായി മത്സരിക്കുന്നതിന് വിർജീനിയ ഭരണഘടന അനുവദിക്കാത്തതിനാൽ നിലവിലുള്ള ഡമോക്രാറ്റിക് ഗവർണർ റാൾഫ് നോർത്തമിന് മത്സരിക്കാനായില്ല.

വിർജീനിയ സംസ്ഥാനത്തെ സാമ്പത്തിക, വിദ്യാഭ്യാസ, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഗ്ലെൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വ്യവസായിയായ ഗ്ലെൻ മെയ് എട്ടിനു ചേർന്ന റിപ്പബ്ലിക്കൻ പാർട്ടി കൺവൻഷനിൽ ഗവർണർ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡനെ വിജയിപ്പിച്ച സംസ്ഥാനമാണ് വിർജീനിയ. ഇതിനു മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൻ ഇവിടെ 5% വോട്ടുകൾ കൂടുതൽ നേടിയിരുന്നു.