തിരുവനന്തപുരം: ജില്ലാ ജനറൽ ആശുപത്രിയിൽ നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് ശേഷം അണുനശീകരണം നടത്താത്തത് ആശുപത്രിയിൽ എത്തുന്ന മറ്റ് രോഗികൾക്ക് ഭീഷണിയാകുന്നു. അത്യാഹിത വിഭാഗത്തിന് സമീപം ഒപി വിഭാഗത്തോട് ചേർന്നുള്ള ഭാഗത്താണ് കോവിഡ് ഒപി വൈകുന്നേരം പ്രവർത്തിക്കുന്നത്. രോഗപരിശോധനയ്ക്ക് ശേഷം ശുചീകരണ പ്രവർത്തനം നടത്താറില്ല.

അണുനശീകരണ പ്രവർത്തനങ്ങൾ നടത്താതെ ഇതേ സ്ഥലത്ത് വച്ചാണ് തൊട്ടടുത്ത ദിവസം ഓർത്തോ ഒപിയും സർജറി ഒപിയും നടത്താറുള്ളത്. ഇത് മൂലം സർജറി, ഓർത്തോ വിഭാഗങ്ങളിൽ പരിശോധനയ്ക്ക് എത്തുന്ന രോഗികൾക്ക് അടക്കം രോഗം ബാധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഒട്ടേറെ പേർക്ക് രോഗബാധ ഉണ്ടായതായാണ് റിപ്പോർട്ട്. കൂടാതെ അത്യാഹിത വിഭാഗത്തിലെതടക്കം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിക്കുന്ന സാഹചര്യം ഉണ്ടായി.



വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുകയും ആരോഗ്യ വകുപ്പ് മന്ത്രിക്ക് അടക്കം പരാതി നൽകുകയും ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്.

ജില്ലാ ജനറൽ ആശുപത്രിയിലെ കെ എച്ച് ആർ ഡബ്ലു എസ് പേ വാർഡിന് സമീപമാണ് കോവിഡ് ഒപി പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ ഒപിയിൽ അടക്കം രാത്രികാലങ്ങളിൽ പരിശോധന നടത്തുന്നത് സംബന്ധിച്ചും ആലോചനയുണ്ട്. ഇങ്ങനെ വന്നാൽ അത്യാഹിത വിഭാഗത്തിൽ വരുന്ന മറ്റ് രോഗികൾക്കും കോവിഡ് പകരാൻ സാധ്യത കൂടുതലാണ്.

എല്ലാ ദിവസവും നാല് മണിക്ക് ശേഷമാണ് കോവിഡ് പരിശോധന നടത്തുന്നത്. കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം ശുചീകരണം നടത്താതെ മാസ്‌ക് അടക്കം ഇവിടെ ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണ് ഉള്ളത്. കൂടാതെ പരിശോധനയ്ക്കായി ഉപയോഗിച്ച മേശ അടക്കമുള്ളവ അണുവിമുക്തമാക്കുന്നതിലും അലംഭാവം തുടരുകയാണ്.

ഇതേ സ്ഥലത്താണ് ഓർത്തോ ഒപി, സർജറിക്ക് വേണ്ടിയുള്ള രോഗികൾ എത്തുന്നത്. രോഗവ്യാപനത്തിന് ഇത് കാരണമാകുന്നു എന്ന പരാതിയാണ് ഉയരുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർക്ക് അടക്കം ഈ രീതിയിൽ രോഗം ബാധിച്ചു പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല.