അമൃത്സർ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഫിറോസ്പൂരിൽ എഎപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പാർട്ടി വിട്ടു. ആഷു ബാംഗർ ആണ് പാർട്ടി വിട്ടത്. ബാംഗർ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.

ഫിറോസ്പൂർ ഗ്രാൻ മണ്ഡലത്തിൽ ആഷു ബാംഗറിനെ എഎപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി പാർട്ടി വിടുകയാണെന്ന് ബാംഗർ പ്രഖ്യാപിക്കുകയായിരുന്നു.

എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ കുത്തക കമ്പനി പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആഷു ബാംഗർ ആരോപിച്ചു. കെജരിവാൾ സ്വാർത്ഥനാണ്. പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ബാംഗർ പറഞ്ഞു. പാർട്ടി നേതാക്കളുടേത് മോശം ഭാഷയാണ്. മറ്റുള്ളവരെ സമ്മർദ്ദത്തിലാക്കുകയാണ്. തങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണെന്നും ആഷു ബാംഗർ കുറ്റപ്പെടുത്തി.