- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോണിലൂടെ കോവിഡ് ഇല്ലാതാകുമെന്ന പ്രതീക്ഷ മങ്ങി; മറ്റൊരു അതിഭീകര വകഭേദം ഉടനെത്തുമെന്ന് ആന്റണി ഫൗസി; വാക്സിനേഷൻ കഴിഞ്ഞിട്ടും പൂർവ്വാധികം ശക്തിയോടെ കോവിഡ് മുൻപോട്ട്; അടുത്ത തരംഗത്തിനായി ലോകം കാത്തിരിക്കുന്നു
അമേരിക്കയിലെ ഏറ്റവും ഉന്നതനായ പകർച്ചവ്യാധി വിദഗ്ദർ ഡോ. ആന്റണി ഫൗസി പറയുന്നത്, മറ്റ് പലരും പറയുന്നതുപോലെ ഓമിക്രോണോടുകൂടി കോവിഡ് ഇല്ലാതെയാകില്ല എന്നാണ്. രോഗം വന്ന് ഭേദമായാൽ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധം പലരും വിചാരിക്കുന്നതുപോലെ അത്ര ഫലവത്താകണമെന്നില്ലെന്നാണ് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അലർജീസ് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ ഡയറക്ടർ കൂടിയായ അദ്ദേഹം ഡാവോസ് അജണ്ട വെർച്വൽ ഈവന്റിൽ പറഞ്ഞത്.
ഇപ്പോൾ ഓമിക്രോൺ എത്തിയതുപോലെ സമീപ ഭാവിയിൽ തന്നെ മറ്റൊരു വകഭേദം വന്നെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപക്ഷെ അതിന് ഈ സ്വാഭാവിക പ്രതിരോധശേഷിയെ മറികടക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയിപ്പോൾ, ഓമിക്രോണാണ് കൊറോണയുടെ അവസാനത്തെ വകഭേദം എങ്കിൽ പോലും ഈ രോഗം ഇവിടെ തന്നെ തുടരും. ഇത് ഒരു പകർച്ചവ്യാധിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. വർഷം അവസാനിക്കുന്നതോടെ ഫ്ളൂ പോലുള്ള ഒരു രോഗം മാത്രമായി കോവിഡ് മാറുമെന്ന് ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.
ഓമിക്രോണിന് ശേഷം മറ്റൊരു വകഭേദം വന്നില്ലെങ്കിൽ മാത്രമായിരിക്കും അത് സാധ്യമാവുക എന്നാണ് ആന്റണി ഫൗസി പറയുന്നത്. അത്തരത്തിൽ പുതിയ വകഭേദങ്ങൾ ഉരുത്തിരിഞ്ഞെത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല. നേരത്തേയും പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തെ കുറിച്ച് ഫൗസി പ്രവചിച്ചിരുന്നു. ഓമിക്രോൺ പോലൊരു വകഭേദത്തിന്റെ അവിർഭാവവും അദ്ദേഹം പ്രവചിച്ചിരുന്നതാണ്. ഓഗസ്റ്റ് മാസത്തിൽ അമേരിക്കയിൽ ഡെൽറ്റ വകഭേദം ആഞ്ഞടിക്കുന്ന സമയത്താണ് വാക്സിനെതിരെ പ്രതിരോധശേഷിയുള്ള മറ്റൊരു വകഭേദം വരാൻ ഇടയുണ്ടെന്ന് ഫൗസി പറഞ്ഞത്. മാസങ്ങൾ കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള സ്വഭാവ സവിശേഷതകളുമായി ഓമിക്രോൺ എത്തുകയും ചെയ്തു.
ഇപ്പോൾ ഓമിക്രോൺ ബാധയിലൂടെ കൈവരിക്കുന്ന പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്ന മറ്റൊരു വകഭേദം ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ഇപ്പോൾ ആന്റണി ഫൗസി പറയുന്നത്. ഓമിക്രോൺ വ്യാപനത്തോടെ കോവിഡ് എന്ന രോഗത്തിന്റെ മാരകശക്തി നഷ്ടപ്പെട്ടെന്നും ഒരു മഹാമാരി എന്നതിൽ നിന്നും കേവലം മറ്റൊരു പകർച്ചവ്യാധി എന്ന നിലയിലേക്കത്താഴുമെന്നുമാണ് ലോകത്തിലെ ഭൂരിപക്ഷം ശാസ്ത്രജ്ജരും ആരോഗ്യ പ്രവർത്തകരും പറയുന്നതും പ്രതീക്ഷിക്കുന്നതും. എന്നാ, മറ്റൊരു വകഭേദം ഉണ്ടാകാതിരുന്നാൽ മാത്രമേ അത് സാധ്യമാവുകയുള്ളു എന്നാണ് ആന്റണി ഫൗസി ചൂണ്ടിക്കാണിക്കുന്നത്.
ലോകമാകമാനം തന്നെ ഓമിക്രോൺ അതിവേഗം പടരുകയാണ്. ഇതേ നില തുടർന്നാൽ, ഓമിക്രോൺ ബാധിക്കാത്ത ഒരാൾ ഇല്ല എന്ന അവസ്ഥ വന്നുചേരും. അത്തരം സാഹചര്യത്തിൽ പ്രകൃതി നിർദ്ധാരണ സിദ്ധാന്തത്തിൽ പറയുന്നതുപോലെ അതിജീവനത്തിനായി വൈറസ് മറ്റൊരു മ്യുട്ടേഷന് വിധേയമായേക്കാം. ഇത് വീണ്ടും ഒരു കോവിഡ് ഭീഷണിയായി വളർന്നേക്കാം.
മറുനാടന് മലയാളി ബ്യൂറോ