കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് പിൻവാതിൽ വഴി നിയമനം നൽകാനുള്ള നീക്കം യുജിസി മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ടാണെന്ന വാദം കൂടുതൽ ശക്തമാകുന്നു. കണ്ണൂരിന് തൊട്ടടുത്ത കോഴിക്കോട് സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമന ഇന്റർവ്യൂവിൽ സ്വീകരിക്കുന്ന കർശന നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ഗവേഷണ പഠനകാലം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നതാണ് കണ്ണൂർ സർവകലാ ശാലയുടെ നിലപാട്. എന്നാൽ ഈ മാനദണ്ഡത്തിന് കടകവിരുദ്ധമായാണ് കോഴിക്കോട് സർവകലാശാല നിലപാട് സ്വീകരിച്ചത്. കോഴിക്കോട് സർവകലാശാല ഈ മാസം തുടങ്ങിയ അസോസിയേറ്റ് പ്രൊഫസർമാരുടെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ഗവേഷണ കാലം കണക്കിലെടുക്കാതെയാണ് സർവകലാശാല മുൻപോട്ടു പോകുന്നത്.

മതിയായ അദ്ധ്യാപന പരിചയമുണ്ടെന്ന് സത്യവാങ്ങ്മൂലം ഹാജരാക്കണമെന്ന് സർവകലാശാല ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾ ഒഴിവാക്കുന്നതിനായി കോഴിക്കോട് സർവകലാശാല വി സിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സത്യവാങ്മൂലം വാങ്ങുന്നത്. കോഴിക്കോട് സർവകലാശാലയിൽ യുജിസി മാനദണ്ഡങ്ങൾ പ്രകാരമുമുള്ള ഇന്റർവ്യു നടക്കുമ്പോഴാണ് തൊട്ടടുത്ത കണ്ണുർ സർവകലാശാലയിൽ രാഷ്ട്രിയ വിവാദം കാരണം നിയമന റാങ്ക് ലിസ്റ്റു പോലും പുറത്ത് വിടാൻ പോലും കഴിയാതിരിക്കുന്നത്.

നേരിട്ടുള്ള അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്കുള്ളനിയമനത്തിന് എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്നുള്ള യുജിസി. നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളിൽ നിന്നും സത്യവാങ്മൂലം വാങ്ങി വയ്ക്കാൻ കോഴിക്കോട് സർവകലാശാല വി സി തീരുമാനിച്ചത്.

നഗ്‌നമായ ചട്ടലംഘനം നടത്തിയാണ് പ്രീയ വർഗീസ് അസോ.പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചതെന്നാണ് സേവ് യൂനിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നത്. പ്രീയാ വർഗീസ് കണ്ണൂർ സർവകലാശാലയിൽ സമർപ്പിച്ച അപേക്ഷയിൽ തനിക്ക് ഒൻപതു വർഷത്തെ അദ്ധ്യാപന പരിചയമുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പ്രീയ വർഗീസിന്റെ മൂന്നു വർഷത്തെ ഗവേഷണ കാലവും രണ്ടും വർഷം കണ്ണുർ സർവകലാശാലയിൽ അനധ്യാപക തസ്തികയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായും തുടർന്ന് സംസ്ഥാന ഭാഷാ ഇൻസ്റ്റ്യുട്ട് അസി.ഡയറക്ടറായും ഡെപ്യു ട്ടേഷനിൽ തുടർന്നത് പരിശോധിക്കാതെയാണ് വി സി പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ചുമതപ്പേടുത്തിയ സ്‌ക്രീനിങ് കമ്മിറ്റി ഇന്റർവ്യുവിന് ക്ഷണിക്കാനുള്ള ചുരുക്കപട്ടികയിൽ പ്രിയാ വർഗീസിനെ കൂടി ഉൾപ്പെടുത്തിയത് നേരിട്ടുള്ള നിയമനങ്ങൾക്ക് യുജിസി മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്ന അടിസ്ഥാന തത്വങ്ങൾ കോഴിക്കോട് പാലിക്കപ്പെടുമ്പോൾ 'കണ്ണൂരിൽ അതു ലംഘിക്കപ്പെടുകയാണെന്നാണ് സേവ് യൂനിവേഴ്‌സിറ്റി 'കാം പയിൻ ഭാരവാഹികളുടെ ആരോപണം