തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനനില പൂർണമായി തകർന്നിരിക്കുകയാണെന്നും ഗുണ്ടകളുടെ ഔദാര്യത്തിലാണ് ജനജീവിതം മുന്നോട്ടു പോകുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. പൊലീസും ഭരണകൂടവും നോക്കി നിൽക്കുകയാണ് കേരളത്തിൽ വ്യാപകമായി ഗുണ്ടാവിളയാട്ടം നടക്കുന്നത്. കേരളത്തിലെ ഗുണ്ടകളെ നിയന്ത്രിക്കുന്നതിനുവേണ്ടി 'ഓപ്പറേഷൻ കാവൽ' എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന പൊലീസ് പദ്ധതി തികഞ്ഞ പരാജയമാണ്. യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പൊതു പ്രവർത്തനം നടത്തുന്ന വ്യക്തികളെയും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്. കേരളത്തിലെ സാമൂഹിക പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും സമാധാനത്തോടു കൂടി പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷമാണ് പൊലീസ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം 19 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരനെ വിവിധ ക്രിമിനൽ കേസുകളിലെ പ്രതി തട്ടിക്കൊണ്ടുപോവുകയും തല്ലിക്കൊന്നു കോട്ടയം നഗരത്തിലെ പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടുവരുകയും ചെയ്ത സംഭവം കേരളീയ സമൂഹം ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. വിവിധ പ്രദേശങ്ങളിൽ ഗുണ്ടകൾ ആളുകളുടെ ജീവൻ എടുക്കുകയും സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്യുന്ന സന്ദർഭത്തിലും ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രി ജനങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചാണ് സംസാരിക്കുന്നത്. കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ്റ്റിനെതിരെ പ്രതികരിക്കുന്നവരെയാണ് പൊലീസ് വ്യാപകമായി കേസുകൾ ചുമത്തി ജയിലിൽ അടക്കുന്നത്. സിപിഎമ്മിന്റെയും ക്രിമിനലുകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമായി കേരളത്തിലെ ആഭ്യന്തരവകുപ്പ് മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.