ചെന്നൈ: നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഇവരുടെ ജോലിക്കാരനായ പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ. 1.2 ലക്ഷം വിലപിടിപ്പുള്ള സാധനങ്ങളാണ് നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്‌മെന്റിൽ നിന്നും മോഷണം പോയത്. നടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ധനുഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസങ്ങൾക്ക് മുൻപാണ് ഇയാൾ നിക്കിയുടെ വീട്ടിൽ ജോലിക്കെത്തിയത്. ജനുവരി 11 ന് ഇയാൾ മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നാണ് നടിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് മോഷണം ചെയ്തതായി സ്ഥിരീകരിച്ചത്. നിക്കിയുടെ 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ വസ്തുക്കൾ ഇയാളുടെ പക്കൽ നിന്നും കണ്ടുകിട്ടി. ഇയാളെ ചോദ്യം ചെയ്യാനായി ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയതിനാൽ ജോലിക്കാരന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.