- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക 5 ജി നെറ്റ്‌വർക്ക് ഓൺ ചെയ്തതോടെ ലോകം മുഴുവൻ നിശ്ചലമായി; അമേരിക്കയിലേക്കുള്ള വിമാന സർവ്വീസുകൾ മിക്കതും റദ്ദാക്കി എയർലൈൻ കമ്പനികൾ; എയർപോർട്ടിന് സമീപമുള്ള ടവറുകൾ ഓഫാക്കിയിട്ടും സുരക്ഷാ ഭീതി ശക്തം; സാങ്കേതികവിദ്യ തലവേദനയാകുമ്പോൾ
സാങ്കേതിക വിദ്യയുടെ വികാസം തലവേദനയാകുന്ന അപൂർവ്വ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. 5 ജി നെറ്റ് വർക്ക് അമേരിക്കയിൽ പ്രവർത്തനം ആരംഭിച്ചതോടെ വിമാനങ്ങളിലെ നാവിഗേഷൻ സിസ്റ്റത്തെ അത് ബാധിക്കുമെന്ന ഭയത്താൽ ബ്രിട്ടീഷ് എയർവേയ്സ് ഉൾപ്പടെയുള്ള പല വിമാനസർവ്വീസുകളും അമേരിക്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. അമേരിക്കയിലെ വിമാനത്താവളങ്ങൾക്ക് സമീപത്ത് മൊബൈൽ ഫോൺ സർവ്വീസിന്റെ സി-ബാൻഡ് സ്ട്രാൻഡ് പ്രവർത്തനക്ഷമമായാൽ അത് വിമാനങ്ങളുടെ നാവിഗേഷൻ സിസ്റ്റത്തെ ബാധിക്കും എന്നതാണ് ആശങ്ക.
ബോയിങ് 777 ആയിരിക്കും ഇത് ഏറ്റവും അധികം ബാധിക്കുന്ന വിമാനം എന്ന് കരുതുന്നു. രാജ്യത്താകമാനം 4,500 ടവറുകളുമായാണ് അമേരിക്കയുടെ 5 ജി ശൃംഖല പ്രവർത്തനക്ഷമമാകുന്നത്. ഇതിൽ 500 ടവറുകളോളം വിവിധ വിമാനത്താവളങ്ങൾക്ക് അടുത്തായിട്ടാണ്. 5 ജി ശൃംഖലയിൽ നിന്നുള്ള സിഗ്‌നൽ തരംഗങ്ങളുടെ ആവൃത്തി വിമാനത്തിന്റെ റഡാർ സാങ്കേതിക വിദ്യയുമായി കൂടിക്കുഴയുമോ എന്ന ഭയത്താൽ, 88 വിമാനത്താവളങ്ങൾക്ക് സമീപമുള്ള 500 ഓളം ടവറുകൾ ഇനിയും പ്രവർത്തനക്ഷമാമാക്കിയിട്ടില്ല.
ഇന്നലെ ഉച്ചക്ക് മാത്രമായിരുന്നു ഈ ടവറുകൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. അപ്പോഴേക്കും ബോയിങ് 777 ഉപയോഗിച്ചുള്ള പല അന്താരാഷ്ട്ര വിമാന സർവ്വീസുകളും റദ്ദാക്കപ്പെട്ടിരുന്നു. അമേരിക്കയുടെ ചില ഭാഗങ്ങളിൽ ഈ പുതിയ സാങ്കേതിക വിദ്യയുടെ പ്രയോഗം നിർത്തിവെച്ചെങ്കിലും മറ്റു പലയിടങ്ങളിലും അത് നടക്കുന്നുണ്ട്.
വിമാനങ്ങൾ റദ്ദ് ചെയ്യപ്പെട്ടതോടെ യാത്രാപ്രശ്നം അതിരൂക്ഷമായി. ഹീത്രൂവിൽ നിന്നും ബോസ്റ്റണിലേക്കും, ഷിക്കാഗോയിലേക്കും ലോസ് ഏഞ്ചലസിലേക്കും, ന്യുയോർക്കിലേക്കും സാൻഫ്രാൻസിസ്‌കോയിലേക്കും ഉള്ള വിമാനസർവ്വീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് റദ്ദാക്കിയത്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നതിനാലാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് ബ്രിട്ടീഷ് എയർവേയ്സ് പറഞ്ഞു.
പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനം എത്ര ഉയരത്തിലാണ് പറക്കുന്നത് എന്നറിയുവാൻ ഉപയോഗിക്കുന്ന റഡാർ അൾട്ടീമീറ്ററിന്റെ പ്രവർത്തനത്തെയാണ് 5 ജി സാങ്കേതികവിദ്യ ബാധിക്കുമെന്ന് കരുതുന്നത്. ഈ റഡാർ അൾട്ടീമീറ്റർ പുറപ്പെടുവിക്കുന്ന തരംഗങ്ങൾ ഭൂമിയിൽ തട്ടി പ്രതിഫലിച്ച് തിരികെയെത്തുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് വിമാനം എത്ര ഉയരത്തിലാണ് എന്ന് കണ്ടെത്തുന്നത്. ഈ തരംഗങ്ങളുടേതിന് തുല്യമായ തരംഗദൈർഘ്യവും ആവൃത്തിയുമുള്ള 5 ജി തരംഗങ്ങൾ ഗുരുതരമായ വീഴ്‌ച്ചകൾക്ക് കാരണമായേക്കാം എന്നാണ് ഇപ്പോൾ ഉയരുന്ന ആശങ്ക.
ഈ ആശങ്ക ഉയർന്നതോടെ 500 ടവറുകൾ പ്രവർത്തിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി യു എസ് നെറ്റ്‌വർക്ക് പ്രൊവൈഡർ വെരിസോൺ രംഗത്തെത്തി. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു. മറ്റുപല രാജ്യങ്ങളിലും സമാനമായ രീതിയിൽ5ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ട്. ഫ്രാൻസിൽ വിമാനത്താവളത്തിനടുത്ത് സിഗ്‌നലിന്റെ ശക്തി കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.
അതേസമയം 5 ജി ബാൻഡിനും വിമാനങ്ങൾ ഉപയോഗിക്കുന്ന സ്പെക്ട്രത്തിനും ഇടയിൽ അന്തരം ഉണ്ടെന്നും ഇത് ഒരിക്കലും അപകടകാരണമാകില്ലെന്നുമാണ് ഫെഡറൽ കമ്മ്യുണീക്കേഷൻ കമ്മീഷൻ പറയുന്നത്.
മറുനാടന് ഡെസ്ക്