- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗിക്കെതിരെ ഗൊരഖ്പുരിൽ മത്സരിക്കാൻ ചന്ദ്രശേഖർ ആസാദ്; കോൺഗ്രസ് പിന്തുണച്ചേക്കും
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരിൽ മത്സരിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഗൊരഖ്പൂരിൽ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനം ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ കൂടിയായ ആസാദ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
34 കാരനായ ദളിത് നേതാവിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഗൊരഖ്പൂരിൽ മത്സരം കടുപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികൾ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ കക്ഷികളായ എസ്‌പിയും കോൺഗ്രസും ബി.എസ്‌പിയും യോഗിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തുമോ അതോ ചന്ദ്രശേഖർ ആസാദിനെ പിന്തുണക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് ആസാദിനെ പിന്തുണക്കാനാണ് എല്ലാ സാധ്യതയും.
നേരത്തെ, സമാജ്വാദി പാർട്ടിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കാൻ ആസാദ് ശ്രമിച്ചിരുന്നു. എന്നാൽ ചർച്ചകൾ പരാജയമായതിന് പിന്നാലെ ആസാദ് സമാജ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
എസ്‌പി നൂറു സീറ്റുകൾ നൽകാമെന്ന് പറഞ്ഞാലും അവർക്കൊപ്പം ഇനി പോകില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിലെത്താതിരിക്കാൻ മറ്റു പാർട്ടികളെ സഹായിക്കും എന്നും ആസാദ് പറഞ്ഞിരുന്നു.
ഗൊരഖ്പൂരിൽനിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി. പ്രഖ്യാപിച്ചപ്പോൾ ആ സാധ്യത അവസാനിച്ചു.
ബിജെപിയുടെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നാണ് ഗൊരഖ്പുർ. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞതവണ ലെജിസ്ലേറ്റീവ് കൗൺസിൽ വഴി തെരഞ്ഞെടുക്കപ്പെട്ടാണ് യോഗി മുഖ്യമന്ത്രിയായത്.




