ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടർച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാർജയാണ് നാലാം സ്ഥാനത്ത്.

ദുബൈ എട്ടാം സ്ഥാനത്തെത്തി. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ, ഉപഭോക്തൃ നിലവാരം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സർവേ നടത്തിയത്. 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചിക പട്ടികയിൽ 88.4 പോയിന്റ് നേടിയാണ് അബുദാബി ഒന്നാമതെത്തിയത്.

കുറ്റകൃത്യങ്ങൾ, കവർച്ചാ ഭയം, ലഹരി ഉപയോഗം എന്നിവയിൽ ഏറ്റഴും കുറഞ്ഞ സൂചികയാണ് അബുദാബി നേടിയത്. തനിച്ച് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിലും അബുദാബിക്ക് ഒന്നാം സ്ഥാനമുണ്ട്. സുരക്ഷിതമായ താമസത്തിനും ജോലി ചെയ്യാനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമാണ് അബുദാബിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാത്രിയിൽ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇയെ തെരഞ്ഞെടുത്തു. ഗാലപ്പ് ഗ്ലോബൽ ലോ ആൻഡ് ഓർഡർ സൂചികയിലാണ് യുഎഇഒന്നാം സ്ഥാനത്തെത്തിയത്. സർവേയിൽ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു.93 ശതമാനം പേർ തെരഞ്ഞെടുത്ത നോർവേയാണ് രണ്ടാം സ്ഥാനത്തുള്ളത്.