മലപ്പുറം: കൊണ്ടോട്ടി, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിൽ കൂട്ടബലാത്സംഗം ഉൾപ്പടെ അഞ്ച് പോക്സോ കേസുകളിലെ ഇരയായ 18 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റേയും, ബാലവകാശ കമ്മീഷന്റേയും ഇടപെടൽ. മലപ്പുറം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക വീട്ടിൽ ഇന്നലെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.

മനുഷ്യാവകാശ കമ്മീഷൻ ഇന്നു കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോട് അടിയന്തിര റിപ്പോർട്ട് തേടി. മാധ്യമ വാർത്തകളെ തുടർന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ആരും സഹായിച്ചില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് വേണമെന്ന് ഫറോക്ക് പൊലീസിനോട് ജില്ലാ ചൈൽഡ്ലൈൻ പ്രൊട്ടക്ഷൻ ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴ് മാസം മുമ്പ് നടന്ന കൂട്ടബലാത്സംഘത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫറോക്ക് സ്റ്റേഷനിൽ അഞ്ചും കൊണ്ടോട്ടിയിൽ ഒരുകേസുമാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ പോക്സോ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.

കൊണ്ടോട്ടി, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലാണ് കൂട്ടബലാത്സംഗം ഉൾപ്പടെ അഞ്ച് പോക്സോ കേസുകൾ രജിസ്റ്റർചെയ്തിരുന്നത്.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. നിരവധി സ്ഥലത്ത് വാടകക്ക് താമസിച്ചിരുന്ന കുടുംബം അവസാനമാണ് ചേലേമ്പ്രയിലെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പം എത്തിയത്.

ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് കുട്ടി പെൺകുട്ടി തൂങ്ങി മരിച്ചതെന്നാണ് മാതാവ് പൊലീസിന് മൊഴി നൽകിയത്. വന്ന ശേഷം പല തവണ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു.

ഉടനെ അയൽക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.

മിശ്രവിവാഹിതരായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ. പിതാവ് മരിച്ചതിൽ കുടുംബം അനാഥമായി. സ്വന്തമായി വിടോ സ്ഥലമോ ഇല്ല. സാമ്പത്തികമായി പ്രയാസത്തിലായിരുന്നതായും ആരും തങ്ങളെ സഹായത്തിനില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു. പൊലീസിനോടും മറ്റും നിരവധി തവണ സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും തങ്ങളെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും പെൺകുട്ടിയുടെ മാതാവ് പരാതിപ്പെട്ടു.