കൊല്ലം: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പി ഡബ്‌ള്യു ഡിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിൽ മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി. ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ബന്ധപ്പെട്ട എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഉടൻ തന്നെ സ്ഥലം മാറ്റാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ ഇൻഫ്രാസ്രക്ചർ കോ- ഓർഡിനേഷൻ സമിതിയുടെ ഓൺലൈൻ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിർമ്മാണത്തിന്റെ പുരോഗതി യോഗത്തിൽ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതിന്റെ പേരിൽ പി ഡബ്‌ള്യു ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദുരാജിനെ പാലക്കാട് ബ്രിഡ്ജസ് വിഭാഗത്തിലേയ്ക്ക് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു.

2016ൽ ഒരു നിർമ്മാണപ്രവർത്തിയിൽ നിന്ന് കരാറുകാരനെ ഒഴിവാക്കിയിരുന്നു. ഇത് റീ- ടെൻഡർ ചെയ്യാത്തതെന്തെന്ന് മന്ത്രി ചോദിച്ചു. കോടതിയിൽ കേസുള്ളതുകൊണ്ട് എന്നായിരുന്നു എഞ്ചിനീയറുടെ മറുപടി. ഇതിന് പിന്നാലെ കോടതിയിൽ സ്റ്റേയുണ്ടോ, സ്റ്റേ മാറ്റാൻ നടപടിയെടുത്തോ എന്നുള്ള മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.

മാത്രമല്ല മറ്റ് പല നിർമ്മാണങ്ങളുടെയും നിലവിലെ പുരോഗതി സംബന്ധിച്ചും ഉദ്യോഗസ്ഥന് ഉത്തരമുണ്ടായിരുന്നില്ല. ജില്ലയിലെ വിവിധ വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്ന് കളക്ടർ അഫ്‌സാന പർവീണും ചൂണ്ടിക്കാട്ടി. എം എൽ എമാരും ഇക്കാര്യം ശരിവച്ചതോടെയാണ് മന്ത്രിയുടെ അതിവേഗ നടപടി.

2016, 2018 വർഷങ്ങളിൽ അനുമതി ലഭിച്ച പല നിർമ്മാണ പ്രവർത്തനങ്ങളും ഇനിയും പൂർത്തിയായിട്ടില്ലെന്നും യോഗത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവലോകന യോഗം കഴിഞ്ഞയുടൻ തന്നെ എഞ്ചിനീയറെ സ്ഥലം മാറ്റാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.യോഗത്തിൽ എം എൽ എമാരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തിരുന്നു. നാല് മണിക്കൂർ നീണ്ട യോഗത്തിൽ മുഴുവൻ സമയവും മന്ത്രി സന്നിഹിതനായിരുന്നു. വർഷത്തിൽ ഓരോ ജില്ലയിലും നാല് യോഗങ്ങളിൽ വീതം മന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.