കോഴിക്കോട്: നടൻ മമ്മൂട്ടിക്ക് കോവിഡ് വന്നത് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് ടി. സിദ്ദീഖ് എംഎ‍ൽഎ. മമ്മൂട്ടിക്ക് കോവിഡ് വന്നത് സിപിഎമ്മിന്റെ സമ്മേളനത്തിന് വന്നവരിൽ നിന്നല്ല എന്നതിന് എന്തുറപ്പാണുള്ളതെന്ന് ടി. സിദ്ദീഖ് ചോദിച്ചു.

മമ്മൂക്കയ്ക്ക് ആരെങ്കിലും പകർന്ന് നൽകിയത് തന്നെയാണ് കോവിഡ്. അല്ലാതെ ഇത്രയും ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുന്ന മമ്മൂക്ക കോവിഡ് അറിഞ്ഞ് കൊണ്ട് പകർത്തിയെടുത്തതല്ല. അത് സമ്മേളനത്തിൽ പങ്കെടുത്തവർ സ്പ്രെഡ് ചെയ്തതുമാവാമെന്നും അദ്ദേഹം പറഞ്ഞു. പരോൾ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

'ഒരു സിപിഎം സഖാവിനെ അന്തം കമ്മി..! എന്ന് വെറുതെ സോഷ്യൽ മീഡിയ പരിഹസിക്കുന്നതാണെന്ന് ആർക്കെങ്കിലും സംശയമുണ്ടായിരുന്നുവെങ്കിൽ ഇതോടെ തീർന്ന് കിട്ടും. സംസ്ഥാന സെക്രട്ടറിയുടെ നിലവാരമാണു നമ്മൾ ഇപ്പോൾ കണ്ടത്.

സിപിഎം നടത്തുന്ന പാർട്ടി കാരണഭൂത തിരുവാതിരയിൽ നിന്നും പാർട്ടി സമ്മേളനങ്ങളിൽ നിന്നും കോവിഡ് പകരില്ലെന്ന് വിശ്വസിക്കുന്ന കോടിയോട് പറയുന്നു, ദയവ് ചെയ്ത് ഇങ്ങനെ പുകമറ സൃഷ്ടിക്കരുത് എന്നാണ്. ആ പുക സമൂഹത്തിന് ദോഷം ചെയ്യുന്നുണ്ട്,' ടി. സിദ്ദീഖ് എഴുതി.

സമ്മേളനങ്ങളിൽ പങ്കെടുത്തവർക്കാണ് കോവിഡ് വരുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിലവാരമില്ലാത്തതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ ആളുകൾക്ക് കോവിഡ് വരാൻ ഞങ്ങൾ ആഗ്രഹിക്കുമോ? ഞങ്ങളുടെ പാർട്ടിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ താൽപര്യം.
സമ്മേളനത്തിൽ പങ്കെടുത്ത ആളുകൾക്ക് മാത്രമോണോ കോവിഡ് വരുന്നത്, അങ്ങനെയാണെങ്കിൽ മമ്മൂട്ടിക്ക് എവിടെ നിന്നാണ് രോഗം വന്നത്,' എന്നായിരുന്നു കോടിയേരി ചോദിച്ചിരുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് പാർട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി വിമർശിച്ചിരുന്നു.

രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോ എന്നും കോടതി ചോദിച്ചിരുന്നു.
50 ആളുകളിൽ കൂടുതലുള്ള എല്ലാ യോഗങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡിന് പോലും 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
'സിപിഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും നടൻ മമ്മൂട്ടിയെ പോലുള്ളവർക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണു...'
സിപിഎം എന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. ഒരു സിപിഎം സഖാവിനെ 'അന്തം കമ്മി..!' എന്ന് വെറുതെ സോഷ്യൽ മീഡിയ പരിഹസിക്കുന്നതാണെന്ന് ആർക്കെങ്കിലും സംശയമുണ്ടായിരുന്നുവെങ്കിൽ ഇതോടെ തീർന്ന് കിട്ടും. സംസ്ഥാന സെക്രട്ടറിയുടെ നിലവാരമാണു നമ്മൾ ഇപ്പോൾ കണ്ടത്. ശ്രീ കോടിയേരി ബാലകൃഷ്ണനോട് തിരിച്ച് ഒരു ചോദ്യം ചോദിക്കട്ടെ, ' മമ്മൂട്ടിക്ക് കോവിഡ് വന്നത് സിപിഎം സമ്മേളനത്തിനു വന്നവരിൽ നിന്നല്ല.' എന്ന് എന്തുറപ്പാണുള്ളത്. മമ്മൂക്കയ്ക്ക് ആരെങ്കിലും പകർന്ന് നൽകിയത് തന്നെയാണു, അല്ലാതെ ഇത്രയും ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന മമ്മൂക്ക കോവിഡ് കോവിഡ് അറിഞ്ഞ് കൊണ്ട് പകർത്തിയെടുത്തതല്ല. അത് സമ്മേളനത്തിൽ പങ്കെടുത്തവർ സ്‌പ്രെഡ് ചെയ്തതുമാവാം.
സിപിഎം നടത്തുന്ന പാർട്ടി 'കാരണഭൂത' തിരുവാതിരയിൽ നിന്നും പാർട്ടി സമ്മേളനങ്ങളിൽ നിന്നും കോവിഡ് പകരില്ലെന്ന് വിശ്വസിക്കുന്ന താങ്കളോട് പറയുന്നു, ദയവ് ചെയ്ത് ഇങ്ങനെ 'പുകമറ' സൃഷ്ടിക്കരുത് എന്നാണു. ആ 'പുക' സമൂഹത്തിനു ദോഷം ചെയ്യുന്നുണ്ട്.