- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ആശുപത്രികളിലെ സൗജന്യ കോവിഡ് പരിശോധന പുനഃസ്ഥാപിക്കുക;എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)
തൃപ്പൂണിത്തുറ:ർക്കാർ ആശുപത്രികളിലെ കോവിഡ് പരിശോധന പുനരാരംഭിക്കണമെന്നും കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തിര ധനസഹായം നൽകണമെന്നും എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനമാണ് ഇന്ന് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ കാണിച്ച ഗുരുതരമായ അലംഭാവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ എത്തിച്ചത്. ഗുരുതര രോഗവും മരണനിരക്കും കുറവാണ് എന്നതിനാൽ കോവിഡ് മൂന്നാം തരംഗം ഉയർത്തുന്ന പൊതു ജനാരോഗ്യ അടിയന്തിരാവസ്ഥയെ അവഗണിച്ചു കൂടാ. വൻ തോതിലുള്ള വ്യാപനമാണ് ആ അടിയന്തിര സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
വ്യാപനം തടയുന്നതിന്റ പ്രധാന രീതി പരിശോധനയും ക്വാറന്റൈനും ആണെന്നിരിക്കെ, സർക്കാർ ആശുപത്രിയിലെ പരിശോധന നിർത്തിവച്ചിരിക്കുകയാണ്. ഇത് സാധാരണക്കാരായ രോഗികളെ അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അടിയന്തിര ചികിത്സ വേണ്ട രോഗികൾ ആശുപത്രികളിൽ എത്തുമ്പോൾ കോവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ അവർക്ക് ചികിത്സ ലഭ്യമാവുകയുള്ളൂ . ഇതിനായി രോഗികളും കൂട്ടിരിപ്പുകാരും വൻതുക മുടക്കി സ്വകാര്യ ലാബുകളിൽ പരിശോധന നടത്തേണ്ട അവസ്ഥയാണ്. അതിന് കഴിയാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടുന്ന സംഭവങ്ങളും ഇപ്പോൾ സർവ്വസാധാരണമാണ്.കോവിഡ് പ്രതിസന്ധി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട സാധാരണക്കാരാണ് ഈ ദുരിതമനുഭവിക്കുന്നത്.
പരിശോധനയ്ക്കുള്ള ഈ സാമ്പത്തികബാധ്യത രോഗികളെ പരിശോധനയിൽ നിന്നും തടയുന്നു. അതുവഴി രോഗികൾ മറ്റുള്ളവരുമായി ഇടപഴകുന്നതിനും രോഗവ്യാപനത്തിനും ഇടയാക്കുന്നു.ജനങ്ങൾക്ക് വേണ്ട ചികിത്സയും പരിശോധനയും നൽകുന്നതിനു പകരം സാരോപദേശം നൽകുന്ന ഒരു പണി മാത്രമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നിർവഹിക്കുന്നത് .
കേരളത്തിലെ പകുതിയോളം കുടുംബങ്ങൾ രോഗബാധിതരായി വരുമാനം നഷ്ടപ്പെട്ടു ദുരിതത്തിൽ കഴിയുന്നവരാണ്. അവർക്ക് അടിയന്തിര ധന സഹായമായി പതിനായിരം രൂപ അനുവദിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും ഇല്ലാത്തതിനാൽ രോഗികൾ വളരെ ബുദ്ധിമുട്ടുകയാണ്. ഒപ്പം ഡോക്ടർമാർ മുതൽ ആശാ പ്രവർത്തകർ വരെയുള്ള ആരോഗ്യപ്രവർത്തകർ സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധത്തിലും ആണ്.ഈ മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തെ നോക്കുകുത്തി ആക്കരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ആരോഗ്യരംഗത്തെ ഈ പ്രതിസന്ധികൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. അല്ലെങ്കിൽ സംസ്ഥാനത്തെ സ്ഥിതി കൂടുതൽ ഗുരുതരമായി മാറും എന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.