കോതമംഗലം: മൂക്കിൽ നിന്നും രക്തം വാർന്ന നിലയിൽ ആദിവാസി വിദ്യാർത്ഥിയുടെ ജഡം പുഴയിൽ കണ്ടെത്തി. പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനൻ-നാഗമ്മ ദമ്പതികളുടെ ഏക മകൻ മഹേഷിന്റെ(15 )ജഡമാണ് ഇന്ന് രാവിലെ 11 മണിയോടെ കുട്ടമ്പുഴ പാലത്തിന് സമീപം കണ്ടെത്തിയത്.

കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ജഡത്തിന്റെ മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. ആലുവ ബിആർസി യിലെ 10-ാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേയ്ക്കെന്നും പറഞ്ഞ്് മഹേഷ് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു.

എത്തേണ്ട സമയം കഴിഞ്ഞിട്ടും മഹോഷിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടംമ്പുഴ പൊലീസിൽ വിവരം അറിയിച്ചു. ഇതുപ്രകാരം പൊലീസ് മിസിംഗിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ കുളിക്കാനെത്തിയവർ പുഴയിൽ ജഡം കണ്ടെത്തിയത്.

കുട്ടമ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരുടെയും വിലയിരുത്തൽ. മഹേഷ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എങ്ങനെ എത്തി എന്ന കാര്യത്തിലാണ് പരക്കെ സംശയം ഉയർന്നിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.