ക്ഷങ്ങളുടെ ജീവനെടുത്ത ലോകമഹായുദ്ധങ്ങളുടെവരെ അടിസ്ഥാന കാരണം അന്വേഷിക്കുമ്പോൾ പലപ്പോഴും ഒരുതരം സൈക്കോ ഈഗോ കൂടിയാണെന്ന് കാണാം. ഹിറ്റ്ലറുടെ പ്രശ്നം അതായിരുന്നു. ലോകം ഭരിക്കാൻ പിറന്നവരാണ് ആര്യന്മാരെന്നും, ആരെയും തോൽപ്പിക്കാൻ കഴിയുന്ന സൈനികശേഷി തനിക്കുണ്ടെന്നും അദ്ദേഹം തെറ്റിദ്ധരിച്ചു. ജനാധിപത്യലോകത്തെ ഏകാധിപതി എന്ന് അറിയപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും, ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്. ആറാം തമ്പുരാനിലെ ജഗന്നാഥൻ പറയുന്നപോലെ, ദൃഷ്്ടി പതിഞ്ഞ ഇടമൊക്കെ തനിക്ക് സ്വന്തമാണ്. അങ്ങനെ പുടിന്റെ ദൃഷ്ടി പതിഞ്ഞ ഒരിടമാണ്, പഴയ സോവിയറ്റ് റിപ്പബ്ലിക്കിൽ റഷ്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുണ്ടായിരുന്ന ഉകൈൻ്ര. യൂറോപ്പിൽ വലിപ്പം കൊണ്ട് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന ഈ രാജ്യങ്ങൾ ഇപ്പോൾ നേർക്കുനേർ വരികയാണ്.

പഴയ ഏകീകൃത സോവിയറ്റ് യൂണിയൻ സ്വപ്നം കാണുന്ന പുടിന്, നേരത്തെയുണ്ട് ഉക്രൈന്റെ മേലെ ഒരു കണ്ണ്. ഡിവോഴ്സായിട്ടും ഭാര്യയെ ജീവിക്കാൻ വെറുതെ വിടാത്ത സൈക്കോ ഭർത്താക്കന്മാരെപ്പോലെ. ഉക്രൈന്റെ ഭാഗമായിരുന്നു ക്രിമിയയെ ആളും അർഥവും കൊടുത്ത് ആ രാജ്യത്ത് നിന്ന് വേർപെടുത്തിയെടുത്തും പിന്നീട് 2014ൽ റഷ്യയിൽ ലയിപ്പിച്ചതിനും പുടിൻ പറഞ്ഞ കാരണം, അവിടെ ജനസംഖ്യയിൽ കൂടുതലും റഷ്യൻ വംശജർ ആയിരുന്നുവെന്നും അവർ പീഡിപ്പിക്കപ്പെടുന്നു എന്നൊക്കെയാണ്. നോക്കുക, കാശ്മീരിനെ പാക്കിസ്ഥാൻ ഒരു സുപ്രഭാതത്തിൽ റാഞ്ചിയെടുത്ത് ആ രാജ്യത്തോട് ചേർത്ത് ഇവിടെ കൂടുതൽ മുസ്ലീങ്ങളാണെന്നും ഞങ്ങൾ അവരുടെ താൽപ്പര്യം സംരക്ഷിക്കുകയാണെന്നും പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ. അന്ന് മിണ്ടാതിരുന്നതിന്റെ ഫലം ഇന്ന് നാറ്റോ സഖ്യ രാജ്യങ്ങൾ അനുഭവിക്കയാണ്.

ഇന്ന് ഉക്രൈനിൽ ജനസംഖ്യയിൽ വെറും 20 ശതമാനം പോലുമില്ല റഷ്യൻ വംശജർ. അവർ കിഴക്കൻ മേഖലയിൽ ഒതുങ്ങുന്നു. ബാക്കി 70 ശതമാനത്തിലേറെ ഉക്രൈനികളാണ്. അങ്ങനെ വല്യട്ടേൻ കളിക്കാൻ പ്രത്യേകിച്ച് ഒരു സ്‌കോപ്പുമില്ലാതെ നിൽക്കുന്ന സമയത്താണ് ഉക്രൈൻ നാറ്റോ സഖ്യത്തിൽ ചേരാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ വരുന്നത്. ഇതോടെ പുടിന് ഒരു കാരണം കിട്ടി. ഉക്രൈയിൻ നാറ്റോ സഖ്യത്തിൽ ചേർന്നാൽ അത് റഷ്യയുടെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാവും. കാരണം ഉക്രൈയിൻ അതിർത്തിയിൽനിന്ന് വെറും 750 കിലോമീറ്റർ പോലുമില്ല മോസ്‌ക്കോവിലേക്ക്. നിലവിലുള്ള വേഗതവെച്ച് വെറും മൂന്ന് മിനുട്ട്്കൊണ്ട് നാറ്റോ സഖ്യത്തിന് ക്രംലിൻ കൊട്ടാരം ആക്രമിക്കാം. അതുകൊണ്ട് ഉക്രൈൻ നറ്റോ സഖ്യത്തിൽ ചേരുന്നത് ഞങ്ങൾ സമ്മതിക്കില്ല. അതിന്റെ പേരിൽ ഉക്രൈയിൻ അതിർത്തിയിൽ ഒരുലക്ഷത്തോളം സൈനികരെ വിന്യസിച്ചിരിക്കയാണ് റഷ്യ. അമേരിക്കയും ബ്രിട്ടനും നടത്തിയ മധ്യസ്ഥ ശ്രമങ്ങൾപോലും വിജയിച്ചില്ല. ഇതോടെ അമേരിക്ക ഉൾപ്പെടുന്ന നാറ്റോ സഖ്യവും കരിങ്കടലിൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഉക്രൈൻ സൈന്യവും, ദേശീയ വാദികളും ആയുധങ്ങളുമായി തയ്യാറെടുത്തു കഴിഞ്ഞു.

അതായത് യൂറോപ്പ് വീണ്ടും ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ്, രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പക്ഷേ അത് ഒരു മൂന്നാം ലോക മഹായുദ്ധമായി മാറുമോ എന്ന ഞെട്ടിക്കുന്ന ചോദ്യമാണ്, കഴിഞ്ഞ ദിവസം വാഷിങ്്ടൺ പോസ്റ്റ് ചോദിച്ചത്.

ഹിറ്റ്ലറിന് സമാനമായി പുടിൻ

എത്ര ബാലിശമാണ് പുടിന്റെ വാദങ്ങൾ എന്ന് നോക്കുക. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്, മറ്റൊരു രാജ്യമാണോ. ഒരു കാരണവുമില്ലാതെ നാറ്റോ മോസ്‌ക്കോയെ അങ്ങ് ആക്രമിക്കയണോ. മൂവായിരം കിലോമീറ്റർവരെ താണ്ടാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ കൈവശമുള്ള നാറ്റോക്ക് കരിങ്കടലിലെ കപ്പൽപ്പടയിൽനിന്ന് മോസ്‌ക്കോയെ ആക്രമിക്കാമല്ലോ. അതിനായി ഉകൈൻ്ര അതിർത്തിവരെ പോകേണ്ട കാര്യമുണ്ടോ. മാത്രമല്ല ലോകത്തിന്റെ ഏറ്റവും ആധുനികമായ മിസൈൽ പ്രതിരോധ സംവിധാനം കൈവശമുള്ളവരാണ് റഷ്യ. കൂടാതെ ആണവശക്തി കൂടിയാണ്. റഷ്യക്കുമുണ്ട് ഭൂഖണ്ഡാന്തര മിസൈലുകൾ.

റഷ്യയുടെ കൊതിക്കെറുവിന് മറ്റൊരു കാരണം കൂടിയുണ്ട്. നേരത്തെ പുടിന്റെ പാവയെന്ന് വിളിക്കുന്ന, കടുത്ത റഷ്യൻ അനൂകുലിയായ യാനുക്കോവിച്ച് ആയിരുന്നു ഉക്രൈനിന്റെ പ്രസിഡന്റ്. അദ്ദേഹം തെരഞ്ഞെടുപ്പ് ജയിച്ചതുതന്നെ റഷ്യയുടെ സഹായത്തോടെ ആയിരുന്നെന്നും, വൻ കൃത്രിമം നടന്നുവെന്നും ആരോപണം ഉണ്ടായിരുന്നു. ദുർഭരണത്തിനെതിരെ ജനരോഷം ഉണ്ടാവുകയും, ഉക്രൈൻ ദേശീയ വാദികൾ സംഘടിക്കുകയും ചെയ്തതോടെയാണ് യാനുക്കോവിച്ചിന് സ്ഥാനം ഒഴിയേണ്ടി വന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് അധികാരമേറ്റത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ പുടിൽ ഇപ്പോഴും പറയുന്നത് പുതിയ സർക്കാർ അധികാരമേറ്റത് അധാർമ്മികമായാണെന്നാണ്. അധികാരമൊഴിഞ്ഞ യാനുക്കോവിച്ച് ഓടിപ്പോയതും, റഷ്യയിലേക്കാണ്. ഒഒരു ഉപഗ്രഹ ഭരണം ആയിരുന്നു, പഴയ സോവിയറ്റ് കാലത്ത് പതിനൊന്ന് റിപ്പബ്ലിക്കുകളും ഒന്നിച്ച് ഒരു രാജ്യമാവുന്ന അഖണ്ഡ റഷ്യ സ്വപ്നം കാണുന്ന പുടിന്റെ ആഗ്രഹം. അത് ചീറ്റിപ്പോയി.

പാശ്ചാത്യ മാധ്യമങ്ങൾ ഹിറ്റ്ലർക്ക് സമാനയാണ് ഇപ്പോൾ പുടിനെ കാണുന്നത്. കാരണം സ്വന്തം രാജ്യത്ത് എതിരില്ലതായപ്പോൾ ഹിറ്റ്ലർ ഓരോരോ നിസ്സാര കാരണങ്ങൾ പറഞ്ഞ് അയൽ രാജ്യങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. ഹിറ്റ്ലറുടെ സാമ്രാജ്വത്യ കൊതി മനസ്സിലാക്കി, ആ നീക്കം മുളയിലേ നുള്ളിയിരുന്നെങ്കിൽ രണ്ടാം ലോക മഹായുദ്ധം തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് വിലയിരുത്തലുകളുണ്ട്. സമാനമായി റഷ്യയുടെ ചക്രവർത്തിയായി മാറിയിരിക്കയാണ് പുടിൻ. പുതിയ ഭരണഘടനാ ഭേദഗതിയോടെ 2036വരെ പുടിന് റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് തുടരാം. ഇപ്പോൾ 69 വയസ്സുള്ള പുട്ടിന്ന് 83 വയസ്സുവരെ സുസുഖം വാഴാമെന്ന് ചുരുക്കം. അതുപോലെ നേരത്തെ അയൽ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കുമോ ജോർജിയയുമായി യുദ്ധം ചെയ്ത് അവരുടെ മുന്ന് സ്റ്റേറ്റുകളെ സ്വയം ഭരണ മേഖലയാക്കി പുടിൻ മാറ്റി. അതിനുശേഷം ക്രമിയയെ ആക്രമിച്ച് റഷ്യയുടെ ഭാഗമാക്കി. റഷ്യയിൽ തനിക്ക് നേരെ തിരിയുന്ന എല്ലാവരെയും കൊന്നൊടുക്കി. ഇങ്ങനെ പുടിൻ ഒരോരോ അതിക്രമം ചെയ്യുമ്പോഴും രാജ്യാന്തര സമൂഹം പ്രതിഷേധം പ്രസ്താവനകളിൽ ഒതുക്കി. അതുകൊണ്ടുതന്നെ ഇപ്പോൾ ഹിറ്റ്ലർക്ക് സമാനയായ സൈക്കോ നേതാവായി, ലോകത്തിന് ഭീഷണിയായി, ഈ മുൻ കെ.ജി.ബി ഉദ്യോഗസ്ഥൻ വളർന്നു കഴിഞ്ഞിരിക്കുന്നു.

ചുവപ്പുവര ലംഘിക്കരുതെന്ന് റഷ്യ

എന്താണ് അടിസ്ഥാനപരമായി ഉക്രൈനിയൻ പ്രശ്നം എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഭാഷ എന്നേ ഉള്ളൂ. ലോകത്തിൽ എല്ലായിടത്തും പ്രശ്നമുണ്ടാക്കുന്ന ഒന്നുതന്നെയാണ് ജാതിയും മതവുംപോലെ ഭാഷയും. റഷ്യൻ ഭാഷ സംസാരിക്കുന്നവരും ഉക്രൈനി സംസാരിക്കുന്ന ഭൂരിപക്ഷവും നേരത്തെയും ഇവിടെ ഏറ്റുമുട്ടിയിട്ടുണ്ട്. അങ്ങനെയാണ് ക്രിമിയ ഉക്രൈയിന് നഷ്ടമാവുന്നത്. ഇപ്പോൾതന്നെ ഉക്രൈയിന്റെ കിഴക്കൻ മേഖലയായ ഡോൺബോസ് റഷ്യൻ പിന്തുണയുള്ള വിമതരാണ് നിയന്ത്രിക്കുന്നത്. ആഭ്യന്തരയുദ്ധം മൂർഛിപ്പിച്ച് ജോർജിയയിൽ കളിച്ച അതേ കളി ഇവിടെയും ആവർത്തിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.

2008മുതൽ നാറ്റോയിൽ കയറിക്കൂടാൻ ഉക്രൈൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അപ്പോൾ തന്നെ റഷ്യ എതിർത്തുവരികയാണ്. നാറ്റോ സഖ്യം കിഴക്കോട്ടുള്ള വ്യാപനം നിർത്തണമെന്നാണ് പുടിന്റെ വാദം. നാറ്റോക്കും റഷ്യക്കും ഇടയിലെ ബഫർസോണാണ് ഉക്രൈൻ എന്നും, അവർ ചില ചുവപ്പുവരകൾ മറികടക്കേണ്ടതായിട്ട് ഉണ്ടുമെന്നുമാണ് ഒരു അഭിമുഖത്തിൽ ജനാധിപത്യ റഷ്യയുടെ ഈ ഏകാധിപതി പറഞ്ഞത്.

അടുത്തകാലത്ത് പോളണ്ട് റുമേനിയ എന്നിവടങ്ങളിൽ, നാറ്റോ ഏജീസ് എഷോർ മിസൈൽ സംവിധാനം സ്ഥാപിച്ചത് റഷ്യയെ ഭീതിയിലാക്കുന്നുണ്ട്. ഇതുപോലൊന്ന് ഉക്രൈൻ അതിർത്തിയിലും ഉണ്ടാവില്ലേ എന്നാണ് അവർ ചോദിക്കുന്നത്. അതുപോലെ നാറ്റോയും ഉക്രൈനും ചേർന്ന നടത്തിയ സംയുകത് സൈനിക അഭ്യാസങ്ങളും റഷ്യയെ ചൊടിപ്പിച്ചു. തങ്ങളുടെ അതിർത്തിയിൽനിന്ന് വെറും 20 കിലോമീറ്റർ മാറി ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് എങ്ങനെയാണെന്നാണ് റഷ്യൻ മാധ്യമങ്ങൾ ചോദിക്കുന്നത്. സോവിയറ്റ് തകർച്ചയിലൂടെ റഷ്യ ആയിരം വർഷങ്ങൾക്കൊണ്ട് നേടിയെടുത്തതെല്ലാമാണെന്ന് നഷ്ടപ്പെട്ടതെന്ന് വിലപിക്കുക പുടിന്റെ ഒരു പതിവാണ്. ജർമ്മനിയുടെ നേതൃത്വത്തിലുള്ള യൂറോപ്യൻ യൂണിയനേക്കാൾ റഷ്യൻ നേതൃത്വത്തിലുള്ള ഒരു ഏഷ്യാ- യൂറോപ്പ് കൂട്ടടായ്മയാണ് പുടിൻ സ്വപ്നം കാണുന്നത്.

നാറ്റോക്ക് പുറത്ത് അമേരിക്കൻ സൈനിക സഹായം ഏറ്റവും കൂടുതൽ ലഭിക്കുന്ന രാജ്യം ഉക്രൈനാണ്. 250 കോടി ഡോളറിന്റെ സൈനിക സഹായമാണ് 2014നുശേഷം അമേരിക്ക ഉക്രൈയിന് നൽകിയത്. ഇതിനുപിന്നാലെ തുർക്കിയിൽനിന്ന് ഏറ്റവും അത്യാന്താധുനിക ഡ്രോണുകൾ വാങ്ങിയതും പുടിനെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം നറ്റോ സഖ്യത്തെ നയിക്കുന്ന ജർമ്മനി പലപ്പോഴും റഷ്യയോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപണമുണ്ട്. 1100 കോടി ഡോളർ ചെലവിട്ട് ബാൾട്ടിക്ക കടലിലൂടെ സ്ഥാപിച്ച നോർഡ് സ്ട്രീം ഗ്യാസ് പൈപ്പ്ലൈൻ, ഉക്രൈയിനെയും പോളണ്ടിനെയും ആശ്രയിക്കാതെ റഷ്യയിൽനിന്ന് വാതകം ജർമ്മനിയിൽ എത്തിക്കുന്നു. ഇതുകൊണ്ടാണ് അമേരിക്കൻ ഉപരോധങ്ങൾ ഫലം കാണാത്തതും. ശൈത്യകാലത്തെ ഊർജാവശ്യങ്ങൾക്ക് അനിവാര്യമായ റഷ്യൻ പ്രകൃതിവാതകം വേണ്ടെന്നും വെക്കാൻ ജർമ്മനി തയ്യാറാവുന്നില്ല. ഉക്രൈൻ പ്രസിഡന്റ് വളാദിമർ സെലൻസ്‌കി അമേരിക്കയോട് നിരന്തരമായി ആവശ്യപ്പെടുന്നത്, ഈ പൈപ്പ് ലൈൻ ബ്ലോക്ക് ചെയ്യാൻ ജർമ്മനിയോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെടനമെന്നതാണ്.

ബെലാറസിലും പ്രശ്നവും സങ്കീർണ്ണതകളും

അതോടൊപ്പം തൊട്ട് അയൽരാജ്യമായ ബെലാറസ് വഴിയും റഷ്യ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഈ അതിർത്തിയിലും റഷ്യ വൻതോതിൽ സൈനിക വിന്യാസം നടത്തിയിരിക്കയാണ്. ബെലാറസിലെ ഏകാധിപതി അലക്സാണ്ടർ ലുക്കഷെൻകോവ് റഷ്യൻ പക്ഷത്താണ്. അതുകൊണ്ടുതന്നെ ഈ അതിർത്തിയിലൂടെ നുഴഞ്ഞുകയറി പോളണ്ടിനെയും യൂറോപ്യൻ യൂണിയനെയും അസ്ഥിരിപ്പെടുത്താനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്.

2020 ആഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അലക്സാണ്ടർ ലുക്കഷെൻകോവ് ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ മേഖലയിലും അശാന്തി പടരുന്നത്. ബെലാറസിലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് ഫലം ബഹിഷ്‌കരിക്കുകയായിരുന്നു. സുതാര്യമല്ല തെരഞ്ഞെടുപ്പ് നടന്നതെന്ന അവരുടെ വാദത്തോട് യൂറോപ്യൻ യൂണിയനും യോജിച്ചു. തുടർന്ന് ബെലാറസിൽ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഏകദേശം 35,000 പേർേ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

അതിനെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ബെലാറസിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഇതോടെയാണ് ലുക്കാഷെൻകോവ് പുതിയ യുദ്ധമുറകൾ പയറ്റാൻ തുടങ്ങിയത്. ഇറാഖിൽ നിന്നും സിറിയയിൽ നിന്നുമൊക്കെ അഭയാർത്ഥികളുമായി വിമാനങ്ങൾ ബെലാറസിൽ എത്താൻ തുടങ്ങി. പോളണ്ട്, ലിത്വാനിയ, ലാറ്റ്‌വിയ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് ഇവരെ കടത്തിവിട്ട് പടിഞ്ഞാറൻ യൂറോപ്പിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയായിരുന്നു പുതിയ പദ്ധതി.

നിലവിൽ യൂറോപ്പിലേക്ക് കടക്കാൻ ഏകദേശം 20,000 അഭയാർത്ഥികളോളം ബെലാറസിൽ തമ്പടിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇവരിൽ പലരും ഇപ്പോൾ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാതെ വിഷമിക്കുകയാണ്. ശൈത്യം കനക്കുന്നതോടെ ധാരാളം മരണങ്ങളും കാണേണ്ടി വരുമെന്ന് പല മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെലാറസ് അതിർത്തിയിൽ റഷ്യയുടെ വ്യോമസേന പരിശീലനപ്പറക്കൽ നടത്തിയിരുന്നു. അതിനുപുറമേ ഇപ്പോൾ ബെലാറസിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. ലോകത്തിന്റെ കണ്ണുകൾ ബെലാറസ് അതിർത്തിയിലുണ്ടെന്നും അമേരിക്കയും അവിടത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് പറഞ്ഞിരുന്നു. യൂറോപ്പിനെതിരെ കുടിയേറ്റക്കാരെ ആയുധമാക്കി ഉപയോഗിക്കുന്ന ഏകാധിപതി, അലക്സാണ്ടർ ലുക്കാഷെൻകോവിന്റെ നടപടികൾക്കെതിരെ അമേരിക്ക സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിൻകെനും രംഗത്തെത്തിയിരുന്നു. അതായത് റഷ്യ-ഉക്രൈൻ യുദ്ധമുണ്ടായാൽ അത് ബെലാറസ്- പോളണ്ട് വഴി യൂറോപ്പിലും എത്തുമെന്ന് ഉറപ്പാണ്.

റഷ്യക്ക് ഒപ്പം ചൈനയും ഇറാനും രംഗത്തിറങ്ങുമോ?

ഉക്രൈനെ ചൊല്ലി അമേരിക്കയും റഷ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുമ്പോൾ എല്ലാ അർത്ഥത്തിലും യുദ്ധസജ്ജമാകുകയാണ് ലോകം. രണ്ട് ചേരി തന്നെ ഇതോടെ രൂപം കൊണ്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് മറ്റു സുപ്രധാന നീക്കം കൂടി നടത്തി റഷ്യ. ഇറാനും ചൈനയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ റഷ്യ സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെട്ടത്. ചെറുകിട യുദ്ധക്കപ്പലുകളും ഹെലികോപ്ടറുകളുമായി ഇറാന്റെ റെവല്യൂഷണറി ആർമിയും വ്യോമ അഭ്യാസത്തിൽ പങ്കെടുത്തു. ഇത് ലോകത്തിൽ വ്യക്തമായ ഒരു ശാക്തിക ചേരി രൂപപ്പെടുന്നതിന്റെ സൂചനയായാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുവശത്തായാണ് ഈ നാവിക സേനാ അഭ്യാസ പ്രകടനങ്ങൾ നടന്നിരിക്കുന്നത്. നേരത്തെ 2020ലും സമാനമായ സംയുക്താഭ്യാസം ഈ മൂന്ന് രാജ്യങ്ങളും ചേർന്ന് നടത്തിയിരുന്നു.

റഷ്യയും ചൈനയും തമ്മിൽ നല്ല ബന്ധത്തിലാണോ എന്ന് ചോദിച്ചാൽ നമുക്ക് അതേ എന്ന് പറയാൻ ആവില്ല. എന്നാൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വല്ലാതെ മോശമായിട്ടുണ്ട്. അപ്പോൾ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ ഇവർ തമ്മിൽ ഒരു സഖ്യം ഉണ്ടാവാൻ ഇടയുണ്ട്. ഇറാൻ പണ്ടേതന്നെ പ്രഖ്യാപിത അമേരിക്കൻ വിരുദ്ധ- നാറ്റോ വിരുദ്ധ നിലപാടുള്ളവർ ആണ്. നേരത്തെ ഉക്രൈനിന്റെ ഒരു വിമാനം ഇറാൻ വെടിവെച്ചിട്ടത് വൻ വിവാദമായിരുന്നു. ഇന്ന് ഏവരും ഭയക്കുന്ന ആണവശക്തിയും സൈനിക ശക്തിയുമാണ് ഇറാൻ. ഈയിടെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ രണ്ടായിരം കിലോമീറ്റർ പിന്നിട്ടാണ് യൂ.എ.ഇയിൽ ഡ്രോൺ ആക്രമണം നടത്തിയത്. റഷ്യക്കൊപ്പം ചൈനയും ഇറാനും കൂടി ഒരുവശത്തും മറുഭാഗത്ത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അടങ്ങുന്ന നാറ്റോ സഖ്യവും ചേർന്ന ഒരു മൂന്നാലോക മഹായുദ്ധത്തിലേക്കാണോ സാധ്യതകൾ നീങ്ങുന്നത്. ലോകമാധ്യമങ്ങൾ ഇക്കാര്യം പുർണ്ണമായും തള്ളിക്കളയുന്നില്ല. നിലവിൽ അതിനുള്ള സാധ്യത കുറവാണെങ്കിലും.

പനപോലെ വളർന്ന പാപിയായ പുടിൻ

അതേസമയം പുടിന്റെ തോന്ന്യവാസങ്ങൾക്കെല്ലാം വളം വെച്ച് ഹിറ്റ്ലറെ വളർത്തിയപോലെ ഈ പാപിയെയും പനപോലെ വളർത്തുകയായിരുന്നു അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ എന്നും വിമർശനമുണ്ട്. ഒരു കെ.ജി.ബി ഉദ്യോഗസ്ഥനിൽനിന്ന്, റഷ്യൻ മുൻ പ്രസിഡന്റ് ബോറിസ് യെൽസിന്റെ സഹായിയായി ഒപ്പം കൂടിയാണ് പുടിൻ വളർന്നത്. മുഴുക്കുടിയനും പെണ്ണുപിടിയനുമായ യെൽസിൻ അവസാന സമയങ്ങളിൽ ഒരു കോമാളിയായപ്പോൾ പുടിൻ ഉയർന്നുവന്നു. അങ്ങനെ 2000ത്തിൽ പ്രസിഡന്റായി. പിന്നങ്ങോട്ട് പുടിന്റെ ദിനങ്ങളാണ്.

കമ്യൂണിസ്റ്റ് ഭരണത്തിൽ തകർന്നുപോയ ഇക്കണോമിയെ ഒരു വിധം കരകയറ്റിയതോടെ പുടിൻ റഷ്യയിൽ ജനപ്രിയനായി. മതത്തെയും രാഷ്ട്രീയത്തെും കൃത്യമായി കൂട്ടിക്കെട്ടിയായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം. ഓർത്തഡോക്സ് ചർച്ചിനൊപ്പമായിരുന്നു പുടിന്റെയും യാത്ര. ഇപ്പോൾ ഒടുവിലത്തെ ഭരണഘടനാ ഭേദഗതിയിൽ ദൈവ നാമത്തിൽ എന്ന ഭേദഗതിപോലും, പുടിൻ പാസാക്കിയെടുത്തും. ഒപ്പം 2036വരെ വേണമെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമെന്നും.

അതുപോലെ ഇസ്ലാമിക ഭീകരതയെ അടിച്ചമർത്തുക വഴിയും പുടിൻ കൈയടി നേടി. ഒരു കാലത്ത് മോസ്‌ക്കോയിവരെ സ്ഫോടനങ്ങൾ നടത്തിയിരുന്നു ചെചൻ ഭീകരരെ കണ്ണിൽ ചോരയില്ലാതെയാണ് പുടിൻ തുടച്ചു നീക്കിയത്. അതുപോലെ സിറിയയിൽ ഐസിസിനെതിരെ നടത്തിയ റഷ്യയുടെ പോരാട്ടവും പുടിന്റെ കീർത്തി വർധിപ്പിച്ചു. ഇറാൻ പോലുള്ള ഇസ്ലാമിക മൗലികവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങൾ പുടിനെതിരെ തിരിയാനുള്ള ഒരു കാരണവും ഇതുതന്നെയാണ്.

പക്ഷേ അഴിമതിയും അക്രമവും പുടിൻ ഭരണത്തിൽ സർവ സാധാരണമായി. കോടികളാണ് തന്റെ ബിനിമികൾ വഴി ഈ മൂൻ കുൺഫൂ ചാമ്പ്യൻ ഉണ്ടാക്കിയത്്. പുടിനെ എതിർക്കുന്നവർ ഒക്കെ ദുരുഹ സാഹചര്യത്തിൽ കൊല്ലപ്പെടുക റഷ്യയിലെ ഒരു രീതിയാണ്. ബോറിസ് നെംറ്റ്‌സോവ്, ബോറിസ് ബെറെസോവ്‌സ്‌കി, സ്റ്റാനിസ്ലേവ് മർക്കലോവ്, സെർജി മാഗ്‌നിറ്റ്സ്‌കി, സെർജി സ്‌ക്രിപാൽ, പ്യോട്ടർ വെർസിലോവ്, വ്‌ലാഡിമിർ കാര മുർസ, നതാലിയ എസ്റ്റെമിറോവ, അന്ന പൊളിറ്റ്‌കോവ്‌സ്‌കയാ, അലക്‌സാണ്ടർ ലിറ്റ്‌വിനെൻകോ, സെർജി യുഷെൻകോവ്, യൂറി ഷെകെച്ചോഹിം എന്നിവരെല്ലാം പുടിന്റെ കടുത്ത വിമർശകരായിരുന്നു. ഇവരുടെയെല്ലാം മരണത്തിൽ ഇന്നും ദുരൂഹത നിലനിൽക്കുകയാണ്. സ്വകാര്യമായ ഒരു കൊലയാളി സംഘം തന്നെ പുടിനുണ്ട്.

അഴിമതിക്കെതിരായ പോരാട്ടം നടത്തുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ വിഷം വെച്ച് കൊല്ലാൻ നോക്കിയതും പ്രസിദ്ധമാണ്. ജർമ്മനിയിലെ ചികിത്സക്ക് ഷേശം നാട്ടിലെത്തിയ നവാൽനിയെ ജയിലിൽ അടക്കയാണ് പുടിൻ ചെയ്ത്. ആര് ചോദിക്കാൻ ആര് പറയാൻ. പുടിൻ റഷ്യയുടെ ചക്രവർത്തിയാണ്. അധികാരം തലക്കുപിടിച്ചാൽ എല്ലാ ഏകാധിപതികളും പിന്നെ ചെയ്യുക, ലോക ആധിപത്യത്തിനുള്ള ശ്രമമാണ്. പുടിനും ചെയ്യുന്നത് അതുതന്നെ.

യുദ്ധമുണ്ടായാൽ എത് ചേരി ജയിക്കും

ലോകം കണ്ട രണ്ട് മഹായുദ്ധങ്ങൾക്കും വിത്തെറിഞ്ഞത് യൂറോപ്പിന്റെ മണ്ണിലായിരുന്നു. മൂന്നാമതും അത് ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ . കോവിഡ് പ്രതിസന്ധിയിൽ നിന്നു തന്നെ പൂർണ്ണമായും മുക്തമാകാത്ത ലോകത്തിന് ഒരു യുദ്ധം കൂടി താങ്ങാൻ കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ രണ്ടുയുദ്ധങ്ങളിൽനിന്നും യൂറോപ്പ് ഒരു പാട് പഠിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ന് അവർ കുമ്മായവരകളിൽ മാത്രം ഒതുങ്ങുന്ന അതിർത്തികൾ പലയിടത്തും ഇടുന്നത്. കുരിശുയുദ്ധത്തിന് സേനകകളെ അയച്ച നെതർലൻഡ്സിനും ബെൽജിയത്തിനും ഇടയിൽ ഇന്ന് അതിർത്തിയായുള്ളത് വെറും വരകൾ മാത്രമാണ്.

ഇങ്ങനെ യൂറോപ്പ് സമാധാനത്തിലേക്ക് നീങ്ങുന്ന ഒരു സാഹചര്യത്തിലാണ് റഷ്യയുടെ നേതൃത്വത്തിൽ യുദ്ധ കാഹളം മുഴങ്ങുന്നത്. ഇതിൽ മറ്റൊരു പ്രശ്നവുമുണ്ട്. നാറ്റോ സഖ്യവും റഷ്യൻ സഖ്യവും ഒരുപോലെ ആണവ ശക്തികളാണ്. ഇന്ന് ലോകത്തെ 32 തവണ മുടിക്കാനുള്ള ആണവായുധങ്ങളാണ് ഇരുവരുടെയും കൈയിലുള്ളത്. അതുകൊണ്ടുതന്നെ ആരും യുദ്ധം എന്ന് കേൾക്കുമ്പോൾ ഒന്ന് അറയ്ക്കും. ലോകത്ത് സമാധാനം കൊണ്ടുവന്നതും ആണവായുധങ്ങളാണെന്ന് പറയുന്നവരും ഉണ്ട്.

പക്ഷേ കളിക്കുന്നത് അധികാരം കൊണ്ട് മത്തുപിടിച്ച, എതിർക്കുന്നവരെയെല്ലാം കാലപുരിക്ക് അയച്ച് ശീലിച്ച ഒരു സൈക്കോ നേതാവിനോടാണ് എന്ന് ഓർക്കണം. റഷ്യൻ അണുബോംബ് യൂറോപ്യൻ രാജ്യങ്ങളെ കത്തിക്കരിക്കുമെന്ന് ബെലറേഷ്യൻ പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയപ്പോൾ പുടിൻ അത് നിഷേധിച്ചില്ല. പകരം പല അഭിമുഖങ്ങളിലും അണുയുദ്ധം പരോക്ഷമായി പറയാതെ ഭീഷണി മുഴക്കി. ഇതുതന്നെയാണ് അമേരിക്കൻ സഖ്യത്തെ പിറകോട്ട് വലിക്കുന്നതും. കാരണം പുടിനെ സംബന്ധിച്ച് ഒരു ലക്ഷം സൈനികർ മരിച്ചാലും അത് വെറും അക്കങ്ങൾ മാത്രം. അമേരിക്കക്കും കൂട്ടരും അങ്ങനെയല്ല. ഒരു സൈനികൻ മരിച്ചാൽ ബൈഡൻ രാജ്യത്തോട് കണക്ക് പറയേണ്ടി വരും.

ഇനി ഇങ്ങനെയൊക്കെ ആണെങ്കിലും ആണവായുധം പ്രയോഗിക്കാതെ നേരിട്ട് ഒരു യുദ്ധമുണ്ടായാൽ ആരു ജയിക്കുമെന്ന ചോദ്യവും സജീവമാണ്. ഇന്നത്തെ അവസ്ഥവെച്ച് അത് നാറ്റോ സഖ്യം എന്ന് നിസ്സംശയം പറയാം. നാറ്റോയുടെ ആധുനികവത്ക്കരിക്കപ്പെട്ട സേനക്ക് മുന്നിൽ സത്യത്തിൽ റഷ്യ ഒന്നുമല്ല. പുടിന്റെത് ഹിറ്റ്ലറെപ്പോലെ വാചകമടിതന്നെയാണെന്ന്, ഇരു സേനയുടെയും കരുത്തുകൾ വിലയിരുത്തുന്ന, അനലസിസ്റ്റുകൾ പറയുന്നു. പക്ഷേ പ്രശ്നം അവർ ഒരു ആണവ ശക്തയാണെന്നതായിപ്പോയി. നയിക്കുന്നത് ഒരു സൈക്കോ നേതാവും. ഒരു തോൽവിയിൽ മനംനൊന്ത് അയാൾ ഒരു ആണവയുദ്ധത്തിന് ഉത്തരവിടില്ലെന്ന് ആര് കണ്ടു?

വാൽക്കഷ്ണം: ലോകത്തിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണമായി ഒരു കാലത്ത് ചിത്രീകരിക്കപ്പെട്ടത് അമേരിക്കയെ ആയിരുന്നു. ഇപ്പോൾ അവർ രക്ഷകന്റെ റോളിലാണ്. ക്രിമിയൻ, ജോർജിയൻ യുദ്ധത്തിൽ യു.എസ് സമയത്ത് ഇടപെട്ടിരുന്നെങ്കിൽ പുടിൻ ഇത്ര വളരില്ലെന്നാണ്, ചിലപ്പോൾ ദേശാഭിമാനിയെപ്പോലെ എഴുതാറുള്ള ദ ഗാർഡിയൻ പത്രം പോലും വിലപിക്കുന്നത്. അഫ്ഗാനിൽനിന്ന് അമേരിക്ക പിന്മാറിയതോടെ താലിബാൻ തിരിച്ചുവന്നത് ഓർക്കുക.