- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 വർഷം ഒപ്പം നിന്ന തൊഴിലാളികൾക്ക് ഹോട്ടൽ സൗജന്യമായി നൽകി; നന്മയുടെ മറ്റൊരു മുഖമായി സുബൈർ
ആലപ്പുഴ: ഗൾഫിൽ കിടന്ന് അധ്വാനിച്ച പണം കൊണ്ട് വളർത്തിയെടുത്ത ഹോട്ടൽ 35 വർഷം ഒപ്പം നിന്ന തൊഴിലാളികൾക്ക് സൗജന്യമായി നൽകി സുബൈർ എന്ന വലിയ മനുഷ്യൻ. ർ നഗരത്തിലെ മുല്ലയ്ക്കലിൽ പ്രവർത്തിച്ചിരുന്ന 'ക്രീം കോർണർ' എന്ന ഹോട്ടലാണ് ആരംഭിച്ച കാലം മുതൽ ഒപ്പം നിന്ന തൊഴിലാളികൾക്കായി നൽകിയത്. കലവൂരിൽ ക്രീം കോർണർ എന്ന പേരിൽ തന്നെ മറ്റൊരു ഹോട്ടൽ ആരംഭിച്ച ശേഷമാണ് സുബൈർ മുല്ലയ്ക്കലിലുണ്ടായിരുന്ന ഹോട്ടൽ അഞ്ച് ജീവനക്കാർക്കു സൗജന്യമായി വിട്ടുനൽകിയത്. ഇതിൽ ഒരാളുടെ പേരിലേക്ക് ഹോട്ടൽ ലൈസൻസും മാറ്റി.
ആലപ്പുഴ പാലസ് വാർഡ് ചൈത്രത്തിൽ സുബൈർ (66), ആണ് തന്റെ സമ്പാദ്യം ആത്മാർത്ഥ ജീവനക്കാർക്കായി പകുത്തു നൽകിയത്. പ്രീഡിഗ്രിക്കു ശേഷം കുടുംബം പുലർത്താൻ 10 വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത ശേഷമാണ് സുബൈർ നാട്ടിലെത്തിത്. തുടർന്ന് ഐസ്‌ക്രീം ഏജൻസിയും ഹോട്ടലും ആരംഭിച്ചു. അന്നു മുതൽ ഒപ്പമുണ്ടായിരുന്നവരാണ് കെ.പി.ജൈനേന്ദ്രൻ, റഫീഖ്, ഫൈസൽ, നസീർ, ജാക്സൺ എന്നിവർ. പിന്നീട് മുല്ലയ്ക്കലിൽ സ്ഥലം വിലയ്ക്കു വാങ്ങി ഹോട്ടൽ അവിടേക്കു മാറി.
അഞ്ച് വർഷം മുൻപു തന്നെ ഹോട്ടൽ തൊഴിലാളികൾക്കു വിട്ടുകൊടുക്കാനുള്ള ആലോചന തുടങ്ങിയെങ്കിലും രണ്ട് വർഷം മുമ്പാണ് കൈമാറ്റം നടന്നത്. വിവരം അധികമാരോടും പറഞ്ഞിരുന്നില്ല. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടം സുബൈറിന്റെ പേരിലായതിനാൽ ലാഭത്തിന്റെ ഒരു വിഹിതം വാടകയായി സുബൈറിനു നൽകുന്നുണ്ട്.
ചിത്രകാരനും എഴുത്തുകാരനും സിനിമാനടനുമാണ് സുബൈർ. 16 യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും ഉൾപ്പെടെ പോയിട്ടുണ്ട്. ബോസ് കൃഷ്ണമാചാരി, കാനായി കുഞ്ഞിരാമൻ തുടങ്ങിയവർക്കൊപ്പം ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഓഫ് ദ് പീപ്പിൾ, ഭ്രമരം, ലൗഡ്‌സ്പീക്കർ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഹോട്ടലിന്റെ ഒരു ഭാഗം ആർട് ഗാലറിയാണ്. ഹോട്ടൽ, തൊഴിലാളികൾക്കു വിട്ടുകൊടുത്തെങ്കിലും നടത്തിപ്പു സംബന്ധിച്ചു മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.
തൊഴിലാളികൾക്കു ഹോട്ടൽ കൈമാറുന്നതിനു ഭാര്യ വഹീദയുടെ പൂർണ പിന്തുണയുണ്ടായിരുന്നുവെന്ന് സുബൈർ പറയുന്നു. മക്കളായ ശിൽപ, നിമ്മി, മരുമക്കളായ സനൂജ്, സാജിദ് എന്നിവരുൾപ്പെടുന്നതാണ് കുടുംബം.